കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും വിദ്യാർഥികളടക്കം നാലുപേർ മരണപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഗായിക നിഖിത ഗാന്ധി. ഹൃദയം തകർത്ത വാർത്തയാണിതെന്നും നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും നിഖിത ഗാന്ധി കുറിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു ഗായികയുടെ പ്രതികരണം.
ടെക് ഫെസ്റ്റിന്‍റെ ഭാഗമായി നിഖിത ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഗീത പരിപാടി നടക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി പെയ്‌ത മഴയിൽ പുറത്തുനിന്നും നിരവധി പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചു കയറിയതാണ് വൻ ദുരന്തത്തിന് വഴിവച്ചത്. 64 പേർക്ക് തിക്കിലും തിരക്കിലും പരിക്കേറ്റു. അതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
'വൈകുന്നേരം കൊച്ചിയിൽ നടന്ന സംഭവത്തിൽ ഹൃദയം തകർന്നിരിക്കുകയാണ്. ഞാൻ വേദിയിലേക്ക് പോകുന്നതിന് മുൻപാണ് ഇത്തരമൊരു ദൗർഭാഗ്യകരമായ സംഭവം നടന്നത്. ഈ അഗാധമായ ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകളൊന്നും പര്യാപ്‌തമല്ല. വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് എന്‍റെ പ്രാർത്ഥനകൾ", ഇൻസ്റ്റഗ്രാമിൽ നിഖിത ഗാന്ധി കുറിച്ചു.
കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) ശനിയാഴ്‌ച രാത്രി ഏഴര മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്‌ത, താമരശ്ശേരി സ്വദേശി സാറ തോമസ്, സുഹൃത്തിനൊപ്പം കുസാറ്റ് മേള കാണാനെത്തിയെ പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് തിക്കിലും തിരക്കിലും മരിച്ചത്.
ഓഡിറ്റോറിയത്തിൽ വിദ്യാർഥികളുടെ തിരക്ക് കൂടിയതിനാൽ പ്രവേശന വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിന് പുറത്ത് നിരവധി പേർ തടിച്ചുകൂടി നിന്നിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി മഴ പെയ്‌തതോടെയാണ് പുറത്തുനിന്നും നിരവധി പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയത്.