ലോസ് എഞ്ചല്‍സ്:പോപ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ മുന്‍ഭാര്യയും അമേരിക്കന്‍ ഗായികയുമായ ലിസ മേരി പ്രസ്ലി അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ലിസയുടെ അമ്മ പ്രസില്ല പ്രസ്ലിയാണ് മകളുടെ മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. റോക്ക് ആന്റ് റോള്‍ ഇതിഹാസം എല്‍വിസ് പ്രസ്ലിയുടെ മകളാണ് ലിസ.
'എന്റെ പ്രിയപ്പെട്ട മകള്‍ എന്നെ വിട്ടു പോയിരിക്കുന്നു. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സ്നേഹനിധിയായ, ശക്തയായ സ്ത്രീ ആയിരുന്നു അവള്. അവളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് മോചിതയാകാന്‍ എനിക്കും കുടുംബത്തിനും സ്വകാര്യത വേണമെന്ന് അപേക്ഷിക്കുന്നു'-ഇപ്രകാരമാണ് പ്രസില്ല പ്രസ്ലി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നത്.
2003ല്‍ പുറത്തിറങ്ങിയ 'ടു ഹൂം ഇറ്റ് മേ കണ്‍സേണ്‍' എന്ന ആല്‍ബത്തിലൂടെയായിരുന്നു ലിസയുടെ അരങ്ങേറ്റം. 2005ല്‍ പുറത്തിറങ്ങിയ 'നൗ വാട്ട്' എന്ന ആല്‍ബം ബില്‍ ബോര്‍ഡ് പട്ടികയില്‍ ആദ്യത്തെ പത്ത് മികച്ച ആല്‍ബങ്ങളിലും ഇടംപിടിച്ചിരുന്നു. 2012ലാണ് ലിസയുടെ മൂന്നാമത്തെ ആല്‍ബം സ്റ്റോം ആന്റ് ഗ്രേസ് റിലീസ് ചെയ്തത്.
എല്‍വിസ് പ്രസ്ലി -പ്രസില്ല പ്രസ്ലി ദമ്പതികളുടെ മകളായി 1968ലാണ് ലിസയുടെ ജനനം. ലിസയുടെ ഒമ്പതാം വയസില്‍ പിതാവ് എല്‍വിസ് മരണപ്പെട്ടു. ശേഷം നടന് മൈക്കിള്‍ എഡ്വേര്‍ഡുമായി പ്രസില്ല പ്രസ്ലി പ്രണയത്തിലായിരുന്നു. അമ്മയുടെ കാമുകന് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് ലിസ 2003ല്‍ പ്ലേ ബോയ് മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
വിജയകരമായിരുന്നില്ല ലിസയുടെ വിവാഹ ജീവിതം. നാല് തവണ ലിസ വിവാഹിതയായിട്ടുണ്ട്. സംഗീതജ്ഞന് ഡാനി കീഫ് ആണ് ലിസയുടെ ആദ്യ ഭര്‍ത്താവ്. 1988ലായിരുന്നു ഡാനി കീഫുമായുള്ള ലിസയുടെ വിവാഹം. ഈ ബന്ധത്തില്‍ ബെഞ്ചമിന്‍ കീഫ്, റൈലി കീഫ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
പിന്നീട് ഡാനിയുമായി വേര്‍പിരിഞ്ഞ ലിസ ഇതിഹാസ താരം മൈക്കിള്‍ ജാക്സനെ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. ശേഷം 2002ല്‍ നടന് നിക്കോളാസ് കേജിനെ വിവാഹം ചെയ്തു. രണ്ട് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഈ ബന്ധത്തിനും തിരശ്ശീല വീണു. തുടര്‍ന്ന് 2006ല്‍ ഗിറ്റാറിസ്റ്റ് മൈക്കിള്‍ ലോക്വുഡിനെ ലിസ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഫിന്‍ലി ലോക്വുഡ്, ഹാര്‍പര്‍ ആന്‍ ലോക്വുഡ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.