ആയിരം പൂർണ ചന്ദ്ര ദർശന യോഗം പ്രകൃതി അനുഗ്രഹിച്ചുനൽകി ശതാഭിഷിക്തനാകുന്നു മലയാളത്തിന്‍റെ ഗാനഗന്ധർവൻ. 2024 ജനുവരി 10ന് മലയാളികളുടെ പ്രിയ ദാസേട്ടന് 84 വയസ്. (KJ Yesudas 84th birthday). ശബരിമല ശാസ്‌താവിനെ പാടിയുറക്കുന്ന സ്വര മാധുര്യത്തിന് പക്ഷേ എക്കാലവും യൗവ്വനം.
വിശ്വ ഗായകൻ യേശുദാസിന്‍റെ ജന്മദിനത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് ഗായകനും പ്രിയ ശിഷ്യനുമായ കെ എസ് സുദീപ് കുമാർ. ദാസേട്ടന്‍റെ 'ഒറ്റക്കമ്പി നാദം' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് സുദീപ് കുമാർ സംസാരിച്ചുതുടങ്ങിയത് (Singer KS Sudeep Kumar about KJ Yesudas). ഏതൊരു മലയാളിയേയും പോലെ താനും ഒരു തികഞ്ഞ ദാസേട്ടന്‍ ഫാന്‍ ആയിരുന്നു എന്ന് പറയുമ്പോള്‍ സുദീപ് കുമാറിന് തികഞ്ഞ അഭിമാനമാണ്.
ഗായകൻ ആയതുകൊണ്ട് തന്നെ അദ്ദേഹത്തെ നേരിൽ കണ്ട് നിർവൃതിയടയുന്നതിന് അപ്പുറം ശിഷ്യപ്പെടണമെന്ന അതിമോഹം ഒരിക്കൽപ്പോലും ഉള്ളിൽ ഉദിച്ചിട്ടില്ല. പക്ഷേ കാലം ദാസേട്ടനെ തനിക്കൊരു ഗുരുവായി അനുഗ്രഹിച്ചുനൽകി. ദാസേട്ടന്‍റെ ശിഷ്യൻ ആവുക അത്ര എളുപ്പമുള്ള കാര്യമല്ല. സ്വര വ്യക്തതയ്ക്കപ്പുറം അദ്ദേഹം മറ്റൊന്നും തന്നെ പറഞ്ഞുതരാറുമില്ല.
സംഗീതമാകുന്ന കടലിനുമുന്നിൽ പകച്ചുനിൽക്കുന്ന കുട്ടിയാണ് താനെന്ന് ദാസേട്ടന്‍റെ പ്രസ്‌താവന ഉണ്ടല്ലോ. ആ കുട്ടി മറ്റുള്ളവർക്ക് എന്തുപഠിപ്പിച്ചു തരാൻ. അതൊരു പക്ഷേ ദാസേട്ടന്‍റെ മാത്രം പക്ഷം. തങ്ങളെപ്പോലുള്ള പാട്ടുകാരെ സംബന്ധിച്ച് ദാസേട്ടൻ തന്നെയാണ് മഹാസാഗരം.