Varayan song: സിജു വില്‍സനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന 'വരയന്‍' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'പറ പറ പറ പാറുപ്പെണ്ണേ..' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 4.57 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തില്‍ സിജു വില്‍സണ്‍ തന്നെയാണ് ഹൈലൈറ്റാകുന്നത്.
പ്രായഭേദമന്യേ നാട്ടിന്‍പുറത്തെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കൊപ്പം വരെ ഏതു പ്രവര്‍ത്തിയിലും അവര്‍ക്കൊപ്പം കൂടുന്ന പള്ളീലച്ചനെയാണ് ഗാനരംഗത്തില്‍ സിജു വില്‍സന്‍റെ കഥാപാത്രത്തെ കാണാനാവുക. കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളി, മുതിര്‍ന്നവര്‍ക്കൊപ്പം ചീട്ടു കളി, കള്ളു കുടി തുടങ്ങി നാട്ടിന്‍പുറത്തെ എല്ലാ വിനോദങ്ങളിലും സിജു വില്‍സന്‍റെ കഥാപാത്രം ഏര്‍പ്പെടുന്നുണ്ട്. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് പ്രകാശ് അലക്‌സിന്‍റെ സംഗീതത്തില്‍ മത്തായി സുനില്‍ ആണ് ഗാനാലാപനം. ബിജിബാല്‍, ജിബിന്‍ ഗോപാല്‍, മധു പോള്‍, വിജയ് ജേക്കബ്, പോബി, പ്രകാശ് എന്നിവരും ഒപ്പം പാടിയിട്ടുണ്ട്.
വൈദികനായ ഫാ.എബി കപ്പൂച്ചിന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. 'വരയനി'ല്‍ സിജുവിന് വൈദിക കഥാപാത്രത്തിന് നെഗറ്റീവ് ഷെയ്‌ഡുകള്‍ ഉണ്ടാകുമെന്നും കഥയില്‍ ചില ത്രില്ലര്‍ ഘടകങ്ങള്‍ ഉണ്ടാകുമെന്നും ചിത്രത്തിന്‍റേതായി മുമ്പ് പുറത്തിറങ്ങിയ പോസ്‌റ്റര്‍ സൂചിപ്പിച്ചിരുന്നു. 'പുഞ്ചിരിക്ക് പിന്നാലെ ഭീകരത' എന്നായിരുന്നു 'വരയന്‍' പോസ്‌റ്ററിന്‍റെ ടാഗ്‌ലൈന്‍.