ബോളിവുഡിലെ ക്യൂട്ട് താരദമ്പതികളാണ് സിദ്ധാർഥ് മൽഹോത്രയും (Sidharth Malhotra) കിയാര അദ്വാനിയും (Kiara Advani). ഇരുവരും വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. ഇന്ന് സിദ്ധാർഥ് മൽഹോത്രയുടെ 39-ാം ജന്മദിനമാണ് (Sidharth Malhotra Birthday).
സിദ്ധാർഥിന് പിറന്നാൾ ആശംസകളുമായി കിയാര സിദ്ധാർഥിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള കിയാര പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ വീഡിയോ സ്റ്റോറിയായാണ് കിയാര സിദ്ധാർഥിന് പിറന്നാൾ ആശംസകൾ നേർന്നത്. താരത്തിന്‍റെ ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ഒരു മനോഹരമായ വീഡിയോയാണ് കിയാര പങ്കുവച്ചിരിക്കുന്നത്. 'ഹാപ്പി ബർത്ത്ഡേ ലവ്' (Happy Birthday love) എന്ന് അടിക്കുറിപ്പ് നൽകിയാണ് കിയാര ദൃശ്യങ്ങൾ പങ്കുവച്ചത്.
സിനിമ പ്രമേയമുള്ള ജന്മദിന കേക്കും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലിഷ് ലുക്കിൽ കിയാരയും റെയിൻബോ നിറമുള്ള ടി-ഷർട്ടിൽ സിദ്ധാർഥിനെയും വീഡിയോയിൽ കാണാം. ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
കിയാര സിനിമ വിശേഷങ്ങൾ: രാംചരൺ - ഷങ്കർ കൂട്ടുകെട്ടിൽ 'ഗെയിം ചേഞ്ചര്‍' (Game Changer) ആണ് കിയാരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്ന്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാംചരണും ഷങ്കർ ഷൺമുഖവും ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണ് 'ഗെയിം ചേഞ്ചർ.
പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് കാർത്തിക് സുബ്ബരാജ് ആണ്. കിയാരയുടെ ആദ്യ പാൻ - ഇന്ത്യൻ ചിത്രമാണിത്. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. അഞ്ജലി, ജയറാം, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വർഷം ചിത്രം പ്രദർശനത്തിനെത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് എസ് തമൻ ആണ്. തിരു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. രാം ചരണും കിയാരയും ഷങ്കറും ഒന്നിക്കുമ്പോൾ ബിഗ് സ്‌ക്രീനിൽ തകർപ്പൻ ദൃശ്യവിരുന്ന് തന്നെയാകും ഒരുങ്ങുക എന്ന പ്രതീക്ഷയിലാണ് ആരാധകർ.
'വിനയ വിധേയ രാമ' എന്ന ചിത്രത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കിയാരയും രാംചരണും വീണ്ടും ഒന്നിക്കുന്നത്. പ്രതിഭാധനനായ സംവിധായകൻ ശങ്കറിനും സുഹൃത്തായ രാംചരണിനും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ ആവേശം കിയാര മുൻപ് പങ്കുവച്ചിരുന്നു. വിലപ്പെട്ട ഒരു പഠനാനുഭവമായാണ് ഈ അവസരത്തെ കണക്കാക്കുന്നത് എന്നായിരുന്നു കിയാര സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.