ഹൈദരാബാദ് : വീണ്ടുമൊരു താര വിവാഹത്തിന് സാക്ഷിയായി ബോളിവുഡ് സിനിമാലോകം. സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയുമാണ് ചൊവ്വാഴ്‌ച വിവാഹിതരായത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസ് ഹോട്ടലിലായിരുന്നു കല്യാണം.
നാളിതുവരെ രഹസ്യമായി സൂക്ഷിച്ചിരുന്ന താരങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെയാണ് തങ്ങളുടെ വിവാഹ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിടുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍കുന്ന വിവാഹ ചടങ്ങുകള്‍ക്കായിരുന്നു ജയ്‌സാല്‍മീര്‍ സാക്ഷിയായത്. ഫെബ്രുവരി നാലിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഇരുവരും ജയ്‌സാല്‍മീറിലെത്തിയപ്പോഴാണ് താരങ്ങളുടെ പ്രണയ ബന്ധത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്.
ആഘോഷങ്ങളില്‍ നിറഞ്ഞ് സൂര്യഗഡ് : മെഹന്തി ചടങ്ങുകളോടെ ഇന്നലെയായിരുന്നു വിവാഹ ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞത്. കൂടാതെ, വിവാഹത്തിന് മുന്നൊരുക്കമായി ഹല്‍ദി ആഘോഷവും നടന്നു. വിവാഹ ആഘോഷങ്ങള്‍ക്കായി വധുവും വരനും രാജസ്ഥാനില്‍ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുവാനായി പാപ്പരാസികള്‍ ജയ്‌സാല്‍മീറിലെത്തിയിരുന്നു.
പ്രശസ്‌ത ആര്‍ടിസ്‌റ്റായ വീണ നഗ്‌ഡയാണ് കിയാരയുടെ കൈകളില്‍ മെഹന്തി ചാര്‍ത്തിയത്. നഗ്‌ഡെ നേരത്തെ തന്നെ മുംബൈയില്‍ നിന്ന് ജയ്‌സാല്‍മീറിലെത്തിയിരുന്നു. ബോളിവുഡിലെ പ്രശസ്‌ത ഡിസൈനറായ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വസ്‌ത്രങ്ങളണിഞ്ഞാണ് താരങ്ങള്‍ വിവാഹ ചടങ്ങിനെത്തിയത്.
മനീഷ് മല്‍ഹോത്രയുടെ വസ്‌ത്രങ്ങളില്‍ തിളങ്ങി താരങ്ങള്‍ :സാധാരണയായി സെലിബ്രിറ്റികള്‍ തങ്ങളുടെ വിവാഹ ആഘോഷങ്ങള്‍ക്കായി സബ്യാസാചി ഡിസൈന്‍സില്‍ നിന്നുള്ള വസ്‌ത്രങ്ങളാണ് തെരഞ്ഞെടുക്കുന്നത്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി സിദ്ധാര്‍ഥ് - കിയാര ജോഡികള്‍ അണിഞ്ഞത് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വസ്‌ത്രങ്ങളാണ്. 2021ല്‍ അങ്കിത ലോക്‌ഹണ്ടെയാണ് വിവാഹത്തിന് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്‌ത വസ്‌ത്രം ധരിച്ച അവസാന സെലിബ്രിറ്റി.
അതേസമയം, തങ്ങളുടെ വിവാഹ ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനായി കുടുംബാംഗങ്ങള്‍ക്ക് പുറമെ വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് സിദ്ധാര്‍ഥും കിയാരയും ക്ഷണിച്ചിരുന്നത്. ഷാഹിദ് കപൂര്‍, ഭാര്യ മിര കപൂര്‍, കിയാരയുടെ സഹപാഠിയായിരുന്ന ഇഷ അംബാനി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ ബോളിവുഡ് താരങ്ങളായ ജൂഹി ചൗള, അര്‍മാന്‍ ജെയിന്‍, ഭാര്യ അനിസ മല്‍ഹോത്ര, നിര്‍മാതാവായ ആര്‍തി ഷെട്ടി, പൂജ ഷെട്ടി, സംവിധായകന്‍ അമൃത്പാല്‍ സിങ് ബിന്ദ്ര തുടങ്ങിയവരും ആഘോഷങ്ങളില്‍ സജീവമായി.
അഭ്യൂഹങ്ങള്‍ക്ക് വിരാമം :വിവാഹത്തിന് ശേഷം ദമ്പതികള്‍ രണ്ട് റിസപ്‌ഷനുകള്‍ നടത്തുമെന്നാണ് വിവരം. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഡല്‍ഹിയിലും സഹപ്രവര്‍ത്തകര്‍ക്കായി മുംബൈയിലുമാണ് താരങ്ങള്‍ സത്‌കാര ചടങ്ങ് ഒരുക്കുക. വിവാഹത്തിന് എത്തുന്നവര്‍ക്ക് സൗജന്യമായി സഹാറ മരുഭൂമി കാണുവാനുള്ള അവസരവും താരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കുറച്ച് വര്‍ഷങ്ങളായി സിദ്ധാര്‍ഥും കിയാരയും തമ്മില്‍ പ്രണയത്തിലാണ്. ഏറെ പവിത്രതയോടെ തങ്ങളുടെ പ്രണയത്തെ ഹൃദയത്തോട് ചേര്‍ത്ത ഇരുവരും അതിനെ കുറിച്ചൊന്നും ആരാധകരോട് വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ പ്രണയമാണെന്നും ഇരുവരും വിവാഹിതരായെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ആലിയ ഭട്ട് - രണ്‍ബീര്‍ വിവാഹത്തിന് ശേഷം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പ്രധാന വിഷയങ്ങളിലൊന്നായിരുന്നു സിദ്ധാര്‍ഥ് കിയാര പ്രണയം.