ചെന്നൈ :തെന്നിന്ത്യൻ താരസുന്ദരി തൃഷയ്ക്കെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയ മൻസൂർ അലി ഖാനെതിരെ വലിയ രോഷമാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ഉയരുന്നത്. മൻസൂർ അലി ഖാനെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തുന്നുണ്ട്. ഇപ്പോൾ മൻസൂർ അലി ഖാൻ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടികർ സംഘം എന്നറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ (എസ്ഐഎഎ) (SIAA tells Mansoor Ali Khan to apologise).
നടി തൃഷ കൃഷ്ണനെതിരായ മൻസൂർ അലി ഖാന്റെ വിവാദ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായും എസ്ഐഎഎ വ്യക്തമാക്കി. തൃഷയ്ക്കെതിരെയും മറ്റ് രണ്ട് നടിമാർക്കെതിരെയും സമാനമായ പരാമർശം നടത്തിയ മൻസൂർ അലി ഖാന്റെ അംഗത്വം താത്കാലികമായി സസ്പെൻഡ് ചെയ്യുന്ന കാര്യം പരിഗണിക്കുകയാണെന്നും അഭിനേതാക്കളുടെ സംഘടന പ്രസ്താവനയിൽ അറിയിച്ചു.
ആക്ഷേപകരവും അവമതിപ്പുളവാക്കുന്നതുമായ പരാമർശങ്ങളാണ് നടൻ നടത്തിയതെന്ന് എസ്ഐഎഎ വിമർശിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ മൻസൂർ അലി ഖാൻ നടിമാരോട് മാപ്പ് പറയണമെന്നും എസ്ഐഎഎ പ്രസിഡന്റും പ്രശസ്ത നടനുമായ എം നാസർ പറഞ്ഞു. നടിമാർക്ക് എസ്ഐഎഎ സംഘടനയുടെ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ഖുശ്ബുവും റോജയുമാണ് മറ്റ് രണ്ട് നടിമാർ. അടുത്തിടെ തൃഷയെ കുറിച്ച് പ്രതികരിക്കവെ ഖുശ്ബുവിനും റോജയ്ക്കും എതിരെയും മൻസൂർ അലി ഖാൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിരുന്നു. ലിയോ സിനിമയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നടൻ വിവാദ പരാമർശം നടത്തിയത്.
വിജയും തൃഷയും ഒന്നിച്ച ലിയോ സിനിമയിൽ മൻസൂർ അലി ഖാനും വേഷമിട്ടിരുന്നു. ലിയോ സിനിമയിൽ തൃഷയുമായി 'ബെഡ് റൂം സീൻ' പങ്കിടാന് അവസരം ലഭിച്ചില്ലെന്നായിരുന്നു ഇയാളുടെ പരാമർശം. മുൻപ് സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലെന്നും മൻസൂർ പറഞ്ഞിരുന്നു.
ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നുവെന്നും മൻസൂർ പറയുന്നത് വീഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി മൻസൂർ അലി ഖാൻ രംഗത്തെത്തിയിരുന്നു. തന്റേത് തമാശ രൂപേണയുള്ള പരാമർശമായിരുന്നു എന്നും ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമാണ് മൻസൂർ അലി ഖാന്റെ വാദം. എന്നാൽ 'കോമഡിയുടെ പേരിൽ' എന്ന ഖാന്റെ പരാമർശം അനാദരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് അഭിനേതാക്കളുടെ സംഘടന ചൂണ്ടിക്കാട്ടി.