CBI 5 The Brain: ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന മെഗാസ്‌റ്റാര്‍ മമ്മൂട്ടി ചിത്രമാണ് 'സിബിഐ 5: ദ ബ്രെയ്‌ന്‍'. എസ്‌എന്‍ സ്വാമി-കെ.മധു-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രവുമായി ബന്ധപ്പെട്ടുള്ള ഓരോ പുതിയ വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
Shobhana in CBI 5 location: ഇപ്പോഴിതാ സേതുരാമയ്യരെ കാണാന്‍ നാഗവല്ലി എത്തിയിരിക്കുകയാണ്. സിബിഐ സെറ്റിലാണ് മമ്മൂട്ടിയെ കാണാന്‍ ശോഭന എത്തിയത്. നാഗവല്ലി സേതുരാമയ്യരെ കണ്ടപ്പോള്‍ എന്ന തലക്കെട്ടോടെയാണ് മമ്മൂട്ടി ഇന്‍സ്‌റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വീഡിയോക്ക് പിന്നാലെ നിരവധി കമന്‍റുകളുമായി ആരാധകരും രംഗത്തെത്തി. ഇനി എപ്പോഴാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുക എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ ചിലരുടെ സംശയം ശോഭന സിബിഐ 5ല്‍ അഭിനയിക്കുമോ എന്നാണ്. ചിത്രത്തില്‍ ശോഭന അഭിനയിക്കണമെന്നാണ് ആരാധകരില്‍ പലരുടെയും ആഗ്രഹം.
CBI 5 The Brain Trailer: ആരാധകര്‍ കാത്തിരിക്കുന്ന 'സിബിഐ 5 ദ ബ്രെയിന്‍' ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങും. ഇന്ന് വൈകിട്ട് 5 മണിക്കാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങുക. പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ട് മമ്മൂട്ടിയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
CBI 5 The Brain Release: ഈദ് റിലീസായി മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഞായറാഴ്‌ചയാണ് സിനിമയുടെ റിലീസ്. ഒരു സിനിമയുടെ റിലീസ് ഞായറാഴ്‌ച വരുന്നത് വളരെ അപൂര്‍വമാണ്. 'സിബിഐ 5 ദ ബ്രെയിനി'ന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായ ശേഷമാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി നിശ്ചയിച്ചത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.
Mammootty Mukesh Jagathy teamup: മമ്മൂട്ടിയുടെ കുറ്റാന്വേഷണ ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാറും മുകേഷും ഒരേ ഫ്രെയിമിലെത്തുന്നു എന്ന പ്രത്യേകതയും സിബിഐ 5 നുണ്ട്. 17 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിലൂടെ സേതുരാമയ്യരും വിക്രമും ചാക്കോയും വീണ്ടും ഒന്നിക്കുകയാണ്. സിനിമയില്‍ ചാക്കോ ആയി വീണ്ടും മുകേഷ് തന്നെ എത്തും. വിക്രമായി ജഗതി ശ്രീകുമാറും എത്തും. അനൂപ് മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നു. ഇത്തവണ വനിത അന്വേഷണ ഉദ്യോഗസ്ഥരാകും മമ്മൂട്ടിക്കൊപ്പം ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also Read:'ഇഷ്‌ട നടനൊപ്പം ഒരിക്കല്‍ കൂടി അഭിനയിക്കാന്‍ കാത്തിരിക്കുന്നു'; മമ്മൂട്ടി ചിത്രത്തില്‍ കനിഹയും
Jagathy Sreekumar joins CBI 5 team : സെറ്റില്‍ വിക്രമായി ജഗതി ശ്രീകുമാര്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. രൂപത്തിലും ഭാവത്തിലും സിബിഐ ഉദ്യോഗസ്ഥനായാണ് ജഗതി പ്രത്യേക്ഷപ്പെട്ടത്. മീശവച്ച്, മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ചെറുപുഞ്ചിരിയോടെ ഇരിക്കുന്ന വിക്രമിനെയാണ് ചിത്രത്തില്‍ ദൃശ്യമായത്.
CBI series: മേക്കിങ്ങിലും അവതരണ ശൈലിയിലും അടിമുടി മാറ്റങ്ങളോടെയാകും സിബിഐ പുതിയ ഭാഗം വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.എന്‍.സ്വാമിയാണ് തിരക്കഥ എഴുതുന്നത്. 1988 ഫെബ്രുവരി 18നാണ് സിബിഐ സിരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' പുറത്തിറങ്ങിയത്. പിന്നീട്, 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ സിനിമകളും പുറത്തിറങ്ങി.
CBI 5 The Brain cast and crew: രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രശാന്ത് അലക്‌സാണ്ടര്‍, സുദേവ് നായര്‍, ഇടവേള ബാബു, ജയകൃഷ്‌ണന്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം രമേശ്, പ്രസാദ് കണ്ണന്‍, സുരേഷ് കുമാര്‍, ആശ ശരത്, തന്തൂര്‍ കൃഷ്‌ണന്‍, അന്ന രേഷ്‌മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക നായര്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. ജേക്‌സ് ബിജോയ് ആണ് സംഗീതം. സിബിഐ സിരീസിലെ മറ്റ് നാല് ഭാഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. തിരുവനന്തപുരം, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.