സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട നടി രേവതി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 'ഭൂതകാലം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പ്രേക്ഷകരുടെ പ്രിയ നടിയെ തേടി ആദ്യ സംസ്ഥാന പുരസ്‌കാരം എത്തിയത്.
രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്‌ത സിനിമയില്‍ ഷെയിന്‍ നിഗത്തിന്‍റെ അമ്മ റോളിലാണ് രേവതി എത്തുന്നത്. ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ ആശ എന്ന കഥാപാത്രം അതിഭാവുകത്വങ്ങളില്ലാതെ വളരെ തന്മയത്വത്തോടെ രേവതി അവതരിപ്പിച്ചു.
അന്തിമ ചിത്രങ്ങളുടെ പട്ടികയില്‍പെടാതെ പോയ 'ഭൂതകാലം' സിനിമ തിരിച്ചുവിളിച്ചാണ് ജൂറി കണ്ടത്. രേവതിക്ക് പുറമെ നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, കനി കുസൃതി എന്നീ താരങ്ങളും മികച്ച നടിക്കുളള അന്തിമ പട്ടികയിലുണ്ടായിരുന്നു.
നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതത്തില്‍ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്തോളം ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, തമിഴ്‌നാട് സര്‍ക്കാരിന്‍റെ മികച്ച നടിക്കുളള പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട് രേവതി. 1983ല്‍ ഭരതന്‍ സംവിധാനം ചെയ്‌ത 'കാറ്റത്തെ കിളിക്കൂട്' എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം.
തുടര്‍ന്ന് നായികാനടിയായി വര്‍ഷങ്ങളോളം മലയാളത്തില്‍ സജീവമായിരുന്നു രേവതി. അതേസമയം സംസ്ഥാന പുരസ്‌കാര നേട്ടത്തില്‍ രേവതിയെ അഭിനന്ദിച്ചുളള നടി ശോഭനയുടെ പുതിയ പോസ്‌റ്റ് ശ്രദ്ധേയമാവുകയാണ്. ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച പോസ്‌റ്റിലാണ് രേവതിയെ ശോഭന പ്രശംസിച്ചത്.
'അഭിനന്ദനങ്ങള്‍ ഡിയര്‍ രേവ്‌സ്, അര്‍ഹിച്ച നേട്ടം' എന്നാണ് ശോഭന കുറിച്ചത്. രേവതിക്കൊപ്പമുളള ഒരു പഴയകാല ചിത്രം പങ്കുവച്ചാണ് ശോഭനയുടെ പോസ്‌റ്റ് വന്നത്. തന്‍റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് രേവതിയെന്ന് ശോഭന മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്.
'ഒരുപാട് വര്‍ഷങ്ങളായിട്ടുളള സൗഹൃദമാണ് അത്. എപ്പോഴും സംസാരിക്കില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ മാനസികമായി വലിയ അടുപ്പമുണ്ട്' എന്നും രേവതിയെ കുറിച്ച് ശോഭന പറഞ്ഞു. മോഹന്‍ലാല്‍ നായകനായ 'മായാമയൂരം' എന്ന ചിത്രത്തില്‍ ശോഭനയും രേവതിയും ഒന്നിച്ചഭിനയിച്ചിരുന്നു.
കൂടാതെ രേവതി ആദ്യമായി സംവിധാനം ചെയ്‌ത 'മിത്ര് മൈ ഫ്രണ്ട്' എന്ന ചിത്രത്തില്‍ നായികയായി ശോഭന അഭിനയിച്ചു. രേവതി ചിത്രത്തിലൂടെയാണ് ശോഭന വീണ്ടും മികച്ച നടിക്കുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയത്.