കന്നഡ ആരാധകർക്കിടയില്‍ മാത്രമല്ല, തെന്നിന്ത്യ ഒട്ടാകെ വലിയ ഫാൻ ബേസുള്ള താരമാണ് ശിവ രാജ്‌കുമാർ (Shiva Rajkumar). നെൽസൺ സംവിധാനം ചെയ്‌ത രജനികാന്ത് ചിത്രം 'ജയിലറി'ലൂടെ കന്നഡ ആരാധകർ 'ശിവണ്ണ' എന്നുവിളിക്കുന്ന ഈ താരം തന്‍റെ ആരാധക പട്ടിക വീണ്ടും വിപുലീകരിക്കുകയാണ്. 'നരസിംഹ' എന്ന കഥാപാത്രമായി, ഒരു കാമിയോ റോളിലാണ് 'ജയിലറി'ല്‍ ശിവരാജ്‌കുമാർ പ്രത്യക്ഷപ്പെട്ടത്.
മിനിട്ടുകൾ മാത്രമുള്ള രംഗങ്ങളായിരുന്നെങ്കിലും അതിലൂടെ പ്രേക്ഷകരെ കീഴടക്കാൻ അദ്ദേഹത്തിനായി. ഇപ്പോഴിതാ ശിവരാജ്‌കുമാർ മലയാളത്തിലേക്കെത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ (Shiva Rajkumar Malayalam Entry). ഇതേക്കുറിച്ച് വാചാലനാകുന്ന താരത്തിന്‍റെ തന്നെ വാക്കുകൾ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു.
താൻ മലയാള സിനിമ തീർച്ചയായും ചെയ്യുമെന്നും ഉടൻ തന്നെ പ്രേക്ഷകരുമായി ഇക്കാര്യം പങ്കുവയ്‌ക്കുമെന്നും താരം പറയുന്നു. ജയിലർ സിനിമയുടെ പ്രചാരണത്തിനിടെ ഒരു മാധ്യമത്തോടാണ് ശിവരാജ്‌കുമാർ തന്‍റെ മലയാള ചിത്രത്തെക്കുറിച്ചുള്ള സൂചന നൽകിയത്.
അതേസമയം കന്നഡ സൂപ്പർ താരത്തിന്‍റെ മലയാള അരങ്ങേറ്റം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ ഉൾപ്പടെ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. 'എമ്പുരാന്' ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും താരം പ്രധാന വേഷത്തിലെത്തുക എന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. ഹോംബാലെ ഫിലിംസിനുവേണ്ടി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ടൈസൺ' ആയിരിക്കാം ഇതെന്നും സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുന്നുണ്ട്.
പൃഥ്വിരാജിനെ തനിക്ക് ഏറെ ഇഷ്‌ടമാണെന്നും അദ്ദേഹവുമായി ഒരു ചിത്രം ചെയ്യാനുള്ള ചർച്ചയിലാണെന്നും ശിവരാജ് കുമാർ പറയുന്നത് വീഡിയോയിൽ കാണാം. എന്നാൽ ചിത്രത്തേക്കുറിച്ച് കൂടുതൽ പറയാനാവില്ലെന്നും ഉടൻ തന്നെ മറ്റ് വിവരങ്ങൾ പുറത്തുവരുമെന്നും താരം പറയുന്നു. അതേസമയം ഏത് ചിത്രത്തിലൂടെയാകും മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുക എന്ന് ശിവരാജ്‌കുമാർ വ്യക്തമാക്കിയിട്ടില്ല.
'ഗോസ്റ്റ്' വരുന്നു: 'ബിര്‍ബല്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീനി സംവിധാനം ചെയ്യുന്ന 'ഗോസ്റ്റ്' (Ghost) ആണ് ശിവ രാജ്‌കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. റിലീസ് കാത്തിരിക്കുന്ന ഈ ചിത്രത്തില്‍ മാസായാണ് താരം പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിന്‍റെ പ്രിയ താരം ജയറാം പ്രതിനായക വേഷത്തിൽ എത്തുന്ന 'ഗോസ്റ്റ്' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഒരുക്കുന്നത്. സന്ദേശ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സന്ദേശ് നാഗരാജ് നിർമിക്കുന്ന ചിത്രം കന്നഡ, തെലുഗു, തമിഴ്, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസിനെത്തും.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നിർമാതാക്കൾ പുറത്തുവിട്ടത്. ചിത്രം ഒക്‌ടോബർ 19 ന് റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. 'ഗോസ്റ്റി'ല്‍ അനുപം ഖേർ, പ്രശാന്ത് നാരായണൻ, സത്യ പ്രകാശ്, അർച്ചന ജോയ്‌സ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്.
നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും മികച്ച പ്രതികരണം നേടിയിരുന്നു. മാസ് ലുക്കില്‍, തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി ശിവ രാജ്‌കുമാർ പ്രത്യക്ഷപ്പെട്ട ടീസർ ആഘോഷപൂർവമാണ് ആരാധകർ ഏറ്റെടുത്തത്.
READ MORE:Ghost | ഇനി 'ഗോസ്റ്റി'ന്‍റെ വരവ് ; ശിവരാജ്‌കുമാർ ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്ത്