കന്നഡ താരം ശിവരാജ്‌കുമാർ (Shiva Rajkumar ) നായകനാകുന്ന ചിത്രം 'ഗോസ്റ്റ്' (Ghost) വാർത്തകളിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റുകൾക്കും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം ഒക്‌ടോബർ 19 ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കൾ. കന്നഡ, തമിഴ്, മലയാളം, തെലുഗു, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രദർശനത്തിനെത്തും.
'ബിർബൽ' (Birbal) എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ കന്നഡ ചലച്ചിത്ര രംഗത്ത് തന്‍റേതായ ഇടം നേടിയ എം ജി ശ്രീനിവാസ് (M. G. Srinivas) ആണ് 'ഗോസ്റ്റ്' സംവിധാനം ചെയ്‌തിരിക്കുന്നത്. സന്ദേശ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സന്ദേശ് നാഗരാജാണ് ചിത്രത്തിന്‍റെ നിർമാണം. മലയാളികളുടെ പ്രിയ താരം ജയറാമും ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തിലുണ്ട്. അനുപം ഖേർ, പ്രശാന്ത് നാരായണൻ, സത്യ പ്രകാശ്, അർച്ചന ജോയ്‌സ് എന്നിവരാണ് 'ഗോസ്റ്റി'ല്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്.
ശിവ രാജ്‌കുമാറിന്‍റെ കന്നി പാൻ ഇന്ത്യ ചിത്രം കൂടിയാണ് 'ഗോസ്റ്റ്'. ആക്ഷന് പ്രധാന്യം നൽകിക്കൊണ്ട് ഒരുക്കിയ ചിത്രം മികച്ച ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് അണിയറക്കാരുടെ അവകാശ വാദം. ശിവ രാജ്‌കുമാറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 12 നാണ് 'ഗോസ്റ്റി'ന്‍റെ ടീസർ പുറത്തുവന്നത്.
'അക്രമം മരിക്കുമ്പോൾ, ബിഗ് ഡാഡി ജനിക്കുന്നു' എന്ന് കുറിച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ടീസർ പുറത്തുവിട്ടത്. 'നിങ്ങൾ തോക്കുകൊണ്ട് ഭയപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ ഞാൻ എന്‍റെ കണ്ണുകൊണ്ട് ആളുകളെ ഭയപ്പെടുത്തിയിട്ടുണ്ട്. അവർ എന്നെ ഒജി എന്ന് വിളിക്കുന്നു. ഒറിജിനൽ ഗ്യാങ്‌സ്റ്റർ' എന്ന ഡയലോഗോടെയാണ് ടീസർ അവസാനിക്കുന്നത്.