നടന്‍ വിനായകന്‍, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച വിഷയത്തില്‍ പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ. സംഭവത്തില്‍ വിനായകന്‍ മാത്രമാണോ കുറ്റക്കാരന്‍ എന്നും, ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് സമാധാനം കൊടുക്കാതിരുന്ന മാധ്യമങ്ങള്‍ക്ക് കുറ്റമില്ലേ എന്നുമാണ് ഷൈന്‍ ചോദിക്കുന്നത്.
ഷൈനിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കുറുക്കന്‍' തിയേറ്ററുകളില്‍ എത്തിയ സാഹചര്യത്തില്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍റെ പ്രതികരണം. താന്‍ വിനായകനെ പിന്തുണയ്‌ക്കുന്നില്ലെന്നും ഷൈന്‍ വ്യക്തമാക്കി.
'നടന്‍ വിനായകന്‍റേത് 15 സെക്കന്‍ഡ് മാത്രം ഉള്ള വീഡിയോയാണ്. ഇതാദ്യമായല്ല വിനായകന്‍ പ്രസ്‌താവനകള്‍ നടത്തുന്നത്. മധ്യമങ്ങള്‍ അല്ലേ ഇത്രയും നാള്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് കുറ്റം പറഞ്ഞിരുന്നത്. അദ്ദേഹം മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ എന്താണ് ചെയ്യേണ്ടത്? അപ്പോള്‍ ഈ മാധ്യമങ്ങള്‍ കുറ്റക്കാരല്ലേ?
ഉമ്മന്‍ ചാണ്ടി മരിച്ച ശേഷം അവര്‍ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരുന്നപ്പോള്‍ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തോട് മാപ്പ് പറഞ്ഞാല്‍ എന്ത് പ്രയോജനം? അത്രയും നാള്‍ ആ കുടുംബം, ബന്ധുക്കള്‍, അദ്ദേഹത്തിന്‍റെ പാര്‍ട്ടി, ചുറ്റും ഉള്ളവര്‍ എല്ലാവരും അനുഭവിച്ചില്ലേ?
ഉമ്മന്‍ ചാണ്ടിയുടെ സിഡി തപ്പി പോയത് മാധ്യമങ്ങള്‍ അല്ലേ? അദ്ദേഹത്തെ വച്ച് കഥകള്‍ മെനഞ്ഞും സിഡി തപ്പി പോയും ഇവര്‍ ഒക്കൊ എത്രകാലം ചോറുണ്ടു. എന്നിട്ട് അദ്ദേഹം മരിച്ചപ്പോള്‍ കണ്ണീര്‍ ഒഴുക്കിയത് വച്ചും ചോറുണ്ടു. 15 സെക്കന്‍ഡ് വീഡിയോ ചെയ്‌ത ഈ വ്യക്തിയെ വച്ചും അവര്‍ ചോറുണ്ടു. ഇതെല്ലാം കഴിഞ്ഞ് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ?
ബഹുമാനപ്പെട്ട വ്യക്തിയെ പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. ഈ വ്യക്തി, അതായത് വിനായകന്‍ പറഞ്ഞത് ശരി ആണെന്നല്ല ഞാന്‍ പറഞ്ഞത്. ബഹുമാനപ്പെട്ട മന്ത്രിയെ പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്‌ത് കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്. ഈ വ്യക്‌തിക്ക് പേര കുട്ടികള്‍ ഇല്ലേ? അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നിട്ട് കുറ്റം മുഴുവന്‍ 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ചെയ്‌ത ആള്‍ക്ക്.
ഒരാള്‍ക്ക് ജീവിച്ചിരിക്കുമ്പോഴാണ് സ്വൈര്യം കൊടുക്കേണ്ടത്. അത് ആ വ്യക്തിക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളില്‍ നിന്നും ആരോപണങ്ങളിലേയ്‌ക്ക് പോകുകയായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലേ? വിനായകന്‍ പറഞ്ഞത് ശരിയാണെന്ന് ഞാന്‍ പറഞ്ഞില്ല. അത് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് മറ്റുള്ളവര്‍ ഉമ്മന്‍ ചാണ്ടിയോട് ചെയ്‌തത് എന്താണെന്ന് ചര്‍ച്ച ചെയ്യുക' -ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ഷൈന്‍ ടോം ചാക്കോയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലടക്കം വന്‍ വിവാദമായിരുന്നു. ഷൈന്‍, വിനായകനെ പിന്തുണയ്‌ക്കുകയാണെന്നാരോപിച്ച് നിരവധി പേര്‍ നടനെതിരെ രംഗത്തെത്തി. ഇതോടെ വിഷയത്തില്‍ വിശദീകരണവുമായി ഷൈന്‍ വീണ്ടും എത്തിയിരുന്നു. താന്‍ വിനായകനെ പിന്തുണച്ചിട്ടില്ലെന്നും നടന്ന കാര്യം വിശദീകരിച്ചുവെന്നേ ഉള്ളൂവെന്നും ഷൈന്‍ വ്യക്തമാക്കി.
'ആരെയും പിന്തുണയ്‌ക്കുന്നില്ല. ആരും തമ്മില്‍ അടിപിടി ഉണ്ടാകാതിരിക്കാന്‍ പറഞ്ഞെന്നേ ഉള്ളൂ. നമ്മുടെ മുന്നില്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്ന് വിശദീകരിച്ചുവെന്നേ ഉള്ളൂ. ഞാന്‍ വിനായകനെയും സപ്പോര്‍ട്ട് ചെയ്‌തിട്ടില്ല, അതിന് മുന്നെ ഉള്ളവരെയും സപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മോശമായി സംസാരിക്കുന്നത് ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വേദന ഉണ്ടാക്കും. അദ്ദേഹത്തെ നിരന്തരം വേദനിപ്പിച്ചവരെയാണ് ഞാന്‍ പറഞ്ഞത്. ഈ വിഷയത്തില്‍ അധികം സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്' -ഷൈന്‍ പറഞ്ഞു.
Also Read:'ഉമ്മന്‍ ചാണ്ടി ചത്തു, അതിന് ഞങ്ങള്‍ എന്ത് ചെയ്യണം' ; കടുത്ത അധിക്ഷേപവുമായി വിനായകന്‍, പ്രതിഷേധം കനക്കുന്നു