ശിൽപ ഷെട്ടി നായികയായി പുതിയ ചിത്രം വരുന്നു. സൊണാൽ ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന 'സുഖീ' എന്ന ചിത്രത്തിലാണ് ബോളിവുഡിന്‍റെ പ്രിയതാരം മുഖ്യ വേഷത്തിലെത്തുന്നത് (Sonal Joshi directorial debut Sukhee). ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവന്നു (Shilpa Shetty's Sukhee Official Trailer).
സ്വയം കണ്ടെത്തലിന്‍റെയും പ്രതിരോധത്തിന്‍റെയും ഹൃദയസ്‌പർശിയും ആപേക്ഷികവുമായ കഥയാണ് 'സുഖീ' പറയുന്നതെന്ന സൂചനയുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. പ്രായഭേദമന്യെ എല്ലാവർക്കും ആസ്വദിക്കാനാകുന്ന നിലയിലാണ് ചിത്രത്തിന്‍റെ അവതരണമെന്നും ട്രെയിലറില്‍ നിന്നും വ്യക്തമാണ്. നർമ്മവും ഗൃഹാതുരത്വം ഉണർത്തുന്ന രംഗങ്ങളും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.
പഞ്ചാബി വീട്ടമ്മ, 38 കാരിയായ 'സുഖ്പ്രീത് സുഖീ കൽറ'യെ ചുറ്റിപ്പറ്റിയുള്ളതാണ് 'സുഖീ'യുടെ കഥ. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സ്‌കൂൾ റീയൂണിയനിൽ പങ്കെടുക്കാനായി സുഖിയും അവളുടെ സുഹൃത്തുക്കളും ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നതോടെയാണ് കഥയ്‌ക്ക് നിർണായകമായ വഴിത്തിരിവുണ്ടാകുന്നത്. ഈ യാത്രയ്‌ക്കിടെ സുഖീ 17 വയസുകാരിയായി വീണ്ടും മാറുന്നു.
ഭാര്യയുടെയും അമ്മയുടെയും മേൽവിലാസത്തില്‍ നിന്നും ഒരു സ്‌ത്രീയെന്ന നിലയിലുള്ള ഐഡന്‍റിറ്റി അവൾ കണ്ടെത്തുകയാണ്. പിന്നീട് തന്‍റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പരിവർത്തനവുമായി സുഖീ പോരാടുന്നതും ചിത്രം വരച്ചു കാട്ടുന്നു. ശിൽപ ഷെട്ടി ടൈറ്റിൽ വേഷത്തില്‍ എത്തുന്ന ഈ ചിത്രം ഭൂഷൺ കുമാർ, കൃഷൻ കുമാർ, വിക്രം മൽഹോത്ര, ശിഖ ശർമ എന്നിവരടങ്ങുന്ന ഒരു പ്രൊഡക്ഷൻ ടീമാണ് നിർമിക്കുന്നത്.