മുംബൈ : പരസ്യമായി ചുംബിച്ചെന്ന് കാണിച്ചുള്ള കേസില്‍ നിന്ന് ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെരെയെ ഒഴിവാക്കിയതിന് പിന്നാലെ ബോളിവുഡ് താരറാണി ശില്‍പ ഷെട്ടിക്ക് ആശ്വാസ വിധിയുമായി മുംബൈ മജിസ്ട്രേറ്റ് കോടതി. ഹര്‍ജിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ജഡ്‌ജി കേട്‌കി എം ചവാന്‍ നടിയെ കുറ്റവിമുക്തയാക്കി. 2007 ല്‍ രാജസ്ഥാനില്‍ നടന്ന ഒരു പ്രമോഷണല്‍ പരിപാടിക്കിടെ റിച്ചാര്‍ഡ് ഗെരെ ശില്‍പ ഷെട്ടിയെ പരസ്യമായി ചുംബിച്ചുവെന്നതാണ് കേസിനാസ്പദമായ സംഭവം.
കേസില്‍ ശില്‍പ ഇരയാണെന്നും ഗെരെയാണ് പ്രഥമദൃഷ്ടാ കുറ്റക്കാരനെന്നും മജിസ്ട്രേറ്റ് കേട്‌കി ചവാന്‍ അറിയിച്ചു. കോടതിയിലെത്തിയ അന്തിമ റിപ്പോര്‍ട്ടുകളൊന്നും ശില്‍പയെ ഐപിസി 34-ാം വകുപ്പിന് കീഴില്‍ കൊണ്ടുവരുന്നില്ല. കേസില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും രേഖകളും ശില്‍പ ഷെട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിക്കുന്നതാണ്. അതുകൊണ്ട് തന്നെ എഫ്ഐആറില്‍ രേഖപ്പെടുത്തിയ ഐപിസിയുടെ 292, 293, 294 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
2017ലാണ് കേസ് മുംബൈയിലേക്ക് മാറ്റണമെന്ന ശില്‍പയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത്. തുടര്‍ന്ന് കേസ് മുംബൈയിലെ മെട്രോപൊളിറ്റന്‍ കോടതിയിലേക്ക് മാറ്റി. ഗെരെ ചുംബിക്കുകയായിരുന്നുവെന്നും, പ്രതിരോധിച്ചില്ലെന്നും ഇതുവഴി താന്‍ കുറ്റക്കാരിയല്ലെന്നും ശില്‍പ അഭിഭാഷക മധുകര്‍ ഡാല്‍വി വഴി കോടതിയെ അറിയിച്ചു. എന്നാല്‍ അവര്‍ക്കെതിരെ താന്‍ ഒന്നും സമര്‍ഥിച്ചിട്ടില്ലെന്നും, ഗെരെ ചുംബിച്ചപ്പോള്‍ പ്രതിരോധിച്ചില്ലെന്ന അപേക്ഷയില്‍ തന്നെ ശില്‍പ സഹ കുറ്റവാളിയാണെന്ന് തെളിയിക്കുന്നതാണെന്നും പരാതിക്കാരനും കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഇരുകൂട്ടരുടെയും വാദങ്ങള്‍ കേട്ട കോടതി ശില്‍പ ഷെട്ടിക്കെതിരെയുള്ള 239-ാം വകുപ്പ് ഒഴിവാക്കുകയായിരുന്നു.
2007 ഏപ്രിലില്‍ ജയ്‌പൂരില്‍ നടന്ന എയ്‌ഡ്‌സ് ബോധവത്കരണ പരിപാടിയുടെ അതിഥികളില്‍ ഒരാളായാണ് റിച്ചാര്‍ഡ് ഗെരെ ഇന്ത്യയിലെത്തുന്നത്. മറ്റൊരു അതിഥിയായെത്തിയ ശില്‍പ ഷെട്ടിയുടെ കൈപിടിച്ച് വേദിയിലെത്തിയ ഗെരെ ആദ്യം ശില്‍പയുടെ കൈയിലും തുടര്‍ന്ന് ബലം പ്രയോഗിച്ച് കവിളിലും ചുംബിക്കുകയായിരുന്നു. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതോടെ ഗെരെ പരസ്യമായി മാപ്പുപറയുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് റിച്ചാര്‍ഡ് ഗെരെക്കും, ശില്‍പ ഷെട്ടിക്കുമെതിരെ കേസെത്തുന്നത്. എന്നാല്‍ കേസ് കേവലം പ്രശസ്തി മാത്രം മുന്നില്‍ കണ്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.