കുടുംബപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'തോൽവി എഫ്സി'യുടെ ട്രെയിലർ പുറത്ത് (Sharaf U Dheen's Tholvi FC Trailer Out). മേക്കിങ്ങിന്‍റെ മികവ് ഉടനീളം പുലർത്തുന്ന ട്രെയിലർ സിനിമക്കായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടുന്നതാണ്. 'പ്രേമം', 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള', 'ജാനകി ജാനെ' ഉൾപ്പടെയുള്ള സിനിമകളിൽ വേഷമിട്ട ജോർജ് കോരയാണ് (George Kora) ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഷറഫുദ്ദീൻ നായകനാകുന്ന 'തോൽവി എഫ്‌സി'യിൽ ജോർജ് കോര അഭിനേതാവായും എത്തുന്നുണ്ട്. ജോണി ആന്‍റണി, ആശ മഠത്തിൽ, അൽത്താഫ് സലീം എന്നിവാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഇപ്പോൾ പുറത്തുവന്ന രണ്ട് മിനിറ്റ് പതിനഞ്ച് സെക്കന്‍റ് ദൈർഘ്യമുള്ള ട്രെയിലർ സസ്‌പെൻസും കൗതുകവും നിലനിർത്തിക്കൊണ്ട് തന്നെ ചിത്രത്തിലെ ധാരാളം വിവരങ്ങൾ പ്രേക്ഷകരമായി പങ്കുവയ്‌ക്കുന്നുണ്ട്.
ജോർജ് കോര ഫാമിലി കോമഡി ഡ്രാമ ജോണറിലാണ് 'തോൽവി എഫ്‌സി' ഒരുക്കിയിരിക്കുന്നത്. കുരുവിള എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജോണി ആന്‍റണി അവതരിപ്പിക്കുന്നത്. കുരുവിളയുടെ മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ് കോരയും അഭിനയിക്കുന്നു.
തൊട്ടതെല്ലാം പൊട്ടിപ്പാളീസാകുന്ന കുരുവിളയ്‌ക്കും കുടുംബത്തിനും ഒപ്പം തോൽവി എന്നുമുണ്ട്. ജോലി, പണം, പ്രണയം എന്നിങ്ങനെ ദിവസം ചെല്ലുന്തോറും ആ കുടുംബത്തിലെ ഓരോരുത്തർക്കും എല്ലാം കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി ഇവർ നടത്തുന്ന നെട്ടോട്ടങ്ങളാണ് ഹാസ്യത്തിന്‍റെ മേമ്പൊടിയിൽ 'തോൽവി എഫ്‍സി' പറയുന്നത്.