ഭാവനയെ Bhavana നായികയാക്കി ശങ്കര്‍ രാമകൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന 'റാണി' Rani എന്ന സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'വാഴേണം വാഴേണം വാഴേണം ദൈവമേ' Vaazhenam song എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ഒരു വാഴ്‌ത്തുപാട്ടായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മേന മേലത്താണ് 'വാഴേണം' ഗാനത്തിന്‍റെ സംഗീതവും ആലാപനവും. അനുഷ്‌ഠാന കലാരൂപമായാണ് ചെയ്‌തിരിക്കുന്നതെങ്കിലും, പുതിയ കാലഘട്ടത്തിന്‍റെ പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടു കൂടിയാണ് വാഴേണം ഗാനം ഒരുക്കിയിരിക്കുന്നത്.
ഉത്സവ രാത്രിയില്‍ അരങ്ങേറുന്ന കലാസന്ധ്യയുടെ ഭാഗമാണ് ഈ ഗാന രംഗത്തില്‍ കാണാനാവുക. ഉത്സവം മാത്രമല്ല, ആഘോഷങ്ങളും കെട്ടുകാഴ്‌ചകളും ഒക്കെ 3.07 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനരംഗത്തിലുണ്ട്. 5,000ല്‍ അധികം പേര്‍ ഈ ഗാനരംഗത്തിലുണ്ട് എന്നതും പ്രത്യേകതയാണ്. വെഞ്ഞാറമൂട്, വെള്ളാനിക്കല്‍ പാറമുകളില്‍ സെറ്റിട്ടാണ് 'വാഴേണം' ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
'പതിനെട്ടാംപടി' Pathinettam Padi എന്ന ചിത്രത്തിന് ശേഷം ശങ്കര്‍ രാമകൃഷ്‌ണന്‍ Shankar Ramakrishnan സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'റാണി'. ശങ്കര്‍ രാമകൃഷ്‌ണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഭാവന നായികയാവുന്ന ചിത്രത്തില്‍ ഉര്‍വശി, ഇന്ദ്രന്‍സ്, ഗുരുസോമസുന്ദരം, മണിയന്‍ പിള്ള രാജു, ഹണി റോസ്, അനുമോള്‍, മാലാ പാര്‍വതി, പുതുമുഖം നിയതി, അശ്വത് ലാല്‍, അശ്വിന്‍ ഗോപിനാഥ്, അംബി നീനാസം, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, സാബു ആമി പ്രഭാകരന്‍, തുടങ്ങിയവരും അണിനിരക്കും.
അപ്പു ഭട്ടത്തിരിയാണ് എഡിറ്റിംഗ്. വിനായക് ഗോപാല്‍- ഛായാഗ്രഹണം. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മാജിക്ക് ടെയില്‍ വര്‍ക്ക്‌സിന്‍റെ ബാനറില്‍ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്‌ണന്‍, ജിമ്മി ജേക്കബ്, വിനോദ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഉടന്‍ തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
ഭാസി എന്ന കുറ്റാന്വേഷകനിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇന്ദ്രന്‍സ് ആണ് ചിത്രത്തില്‍ ഭാസിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാസിയുടെ കരിയറിലെ അവസാനത്തെ കേസ് പരിഹരിക്കുന്നതിലൂടെ അയാള്‍ ധര്‍മ സങ്കടത്തിലാകുന്നു. ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവിന്‍റെ കൊലപാതകത്തിന്‍റെ ചുരുളുകള്‍ അഴിക്കാന്‍ നിയോഗിക്കപ്പെട്ട ഭാസി, കൊല്ലപ്പെട്ട രാഷ്‌ട്രീയ നേതാവിന്‍റെ അറിയപ്പെടാത്ത പല കുരുക്കുകളിലും ചെന്നുപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രപശ്ചാത്തലം.
സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനോടനുബന്ധിച്ച് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്‌ണന്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. പ്രിയമുള്ളവരേ, മാജിക്ടെയിൽ വർക്ക്‌സിന്‍റെ ബാനറിൽ ശ്രീ.വിനോദ് മേനോനും, ശ്രീ. ജിമ്മി ജേക്കബും ഞാനും ചേർന്ന് നിർമ്മിക്കുന്ന പുതിയ ഫീച്ചർ ഫിലിം അതിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്‌റ്റ് പ്രൊഡക്ഷന്‍റെ അന്തിമ ഘട്ടത്തിലേക്ക് എത്തിയത് ഈ സിനിമയിൽ ഒരു കുടുംബം പോലെ പ്രവർത്തിച്ചു വരുന്ന മുഴുവൻ അണിയറപ്രവർത്തകരുടെയും, നടീ നടന്മാരുടെയും സർവ സമർപ്പണത്തിന്‍റെയും, ക്ഷമയുടെയും, നിങ്ങള്‍ ഓരോരുത്തരുടെയും പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും ഫലമായിട്ടാണ്.
കൊവിഡ് ഒന്നാം ഘട്ടവും രണ്ടാം ഫേസും അതിജീവിച്ച പ്രീ പ്രൊഡക്ഷൻ, ജനങ്ങളും ദൈവവും കൂടെ നിന്ന ഷൂട്ടിംഗിന്‍റെ 28 ദിന രാത്രങ്ങൾ, പാച്ച് ഷൂട്ട് /ആക്ഷൻ ഷെഡ്യൂളിന്‍റെ 5 ദിവസങ്ങൾ - അങ്ങനെ 33 ദിവസമാണ് ഞങ്ങളുടെ മണ്ണടുപ്പുകളിൽ ഈ സിനിമ ജീവൻ കൊണ്ടത്. നാളെ ഈ ചിത്രത്തിൽ ലീഡ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉർവ്വശി ചേച്ചി, ഭാവന, ഹണിറോസ്, മാലാ പാർവ്വതി, അനുമോൾ എന്നിവർക്കൊപ്പം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന നിയതി.
ഈ ചിത്രത്തിലെ പ്രധാന നടന്മാരായ ഇന്ദ്രൻസ് ചേട്ടൻ, ഗുരുസോമസുന്ദരം, മണിയൻ പിള്ളരാജുചേട്ടൻ, അശ്വിൻ ഗോപിനാഥ്, അശ്വഥ് ലാൽ, കൃഷ്‌ണൻ ബാലകൃഷ്‌ണന്‍, അംബി നീനാസം, രാമു മംഗലപ്പിള്ളി എന്നിവർക്കൊപ്പം ഒരു ഡെഡിക്കേറ്റഡ് ക്രൂ മെമ്പേഴ്‌സിന്‍റെ കൂട്ടായ്‌മയും ചേർന്ന് ഈ ചലച്ചിത്രത്തിന്‍റെ റ്റൈറ്റിൽ, സമൂഹ മാധ്യമങ്ങളിൽ അവതരിപ്പിക്കുന്നു. ഈ റ്റൈറ്റിൽ റിലീസിന് ഗുരുക്കന്മാരുടെയും, സ്നേഹിതരുടെയും, നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹത്തിനായ്' പ്രാർത്ഥനാപൂർവ്വം.. ശങ്കർ രാമകൃഷ്‌ണൻ.' -ഇപ്രകാരമായിരുന്നു ശങ്കര്‍ രാമകൃഷ്‌ണന്‍റെ കുറിപ്പ്.
Also Read:'കുടുംബം പോലെയുള്ള സുഹൃത്തുക്കള്‍'; മലയാളത്തിലെ പ്രിയ നടിമാര്‍ ഒന്നിച്ചപ്പോള്‍