കാഞ്ഞിരപ്പള്ളി അമൽജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിനെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിലെയും മറ്റ് ഗവൺമെന്‍റ് തലത്തിലെയും അധികാരികൾ ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണരുതെന്ന് ഷെയ്ൻ നിഗം പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
തങ്ങളുടെ കുട്ടികളുടെ നല്ലൊരു ഭാവി മുന്നില്‍കണ്ട് കോളേജ് അധികാരികളെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഷെയ്ൻ നിഗം കുറിച്ചു. തങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തി രംഗത്ത് വന്ന ചുണക്കുട്ടികളെ കേരളം കേൾക്കണമെന്നും ഷെയ്ൻ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
'അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ സംഭവം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവൺമെൻ്റ്തല അധികാരികളും കാണരുത്. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടി കണ്ട് കോളേജ് അധികാരികളെ തൻ്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തി രംഗത്ത് വന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം.... ഐക്യദാർഢ്യം നൽകണം...'
കഴിഞ്ഞ വെള്ളിയാഴ്‌ച (02.06.2023) രാത്രിയാണ് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനിയുമായ ശ്രദ്ധ സതീഷിനെ കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോളജ് മാനേജ്മെന്‍റിനെതിരെ വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മാനേജ്‌മെന്‍റിന്‍റെ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്.
വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്‍റെ വിഷമത്തിലാവാം പെൺകുട്ടി ആത്മഹത്യ ചെയ്‌തതെന്നാണ് കോളേജ് അധികൃതർ പറയുന്നത്. എന്നാൽ, മൊബൈൽ ഫോൺ പിടിച്ചതുകൊണ്ടല്ലെന്നും പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് മോശമായ ഇടപെടലുകൾ ഉണ്ടായെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.
അതേസമയം ആത്മഹത്യയിൽ കോളജിലെ അധ്യാപകർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം ശക്തമായി തുടരുകയാണ്. ശ്രദ്ധയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. എസ്.എഫ്.ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ സമരമുഖത്തുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വ്യാപക പ്രതിഷേധമാണ് കോളജ് മാനേജ്മെന്‍റിനെതിരെ ഉയരുന്നത്.
ഹോസ്റ്റലിൽ ഒപ്പമുണ്ടായിരുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു ശ്രദ്ധ സതീഷ് ജീവനൊടുക്കിയത്. വെള്ളിയാഴ്‌ച രാത്രി ശ്രദ്ധയെ ഹോസ്‌പിറ്റലിൽ എത്തിക്കുകയും കോളജ് അധികൃതർ എട്ട് മണിയോടെ വീട്ടുകാരെ വിളിച്ച് ഉടൻ വരണമെന്ന് അറിയിക്കുകയും ചെയ്‌തു. കാഞ്ഞിരപ്പള്ളി പൊലീസാണ് മരണ വിവരം വീട്ടുകാരെ അറിയിച്ചത്.
ആശുപത്രിയിലെത്തിച്ച കോളജ് അധികൃതർ വിദ്യാർഥിനി തലകറങ്ങി വീണതാണെന്നാണ് ഡോക്‌ടറോട് പറഞ്ഞത്. ആത്മഹത്യ ശ്രമമാണെന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നുവെന്ന് കുടുംബം പറയുന്നു. കോളജ് അധികൃതർ കള്ളം പറഞ്ഞതുകൊണ്ടാണ് ശരിയായ ചികിത്സ ലഭിക്കാഞ്ഞതെന്നും ശ്രദ്ധയുടെ ബന്ധുക്കൾ ആരോപിച്ചു. ശ്രദ്ധയുടെ മരണം അന്വേഷിക്കാൻ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. നിലവിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ALSO READ:കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ; മാനേജ്മെന്‍റിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ