കഴിഞ്ഞ ദിവസം കേരളക്കരയെ നടുക്കിയ സംഭവമായിരുന്നു കളമശ്ശേരിയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനം (Kalamassery Blast). പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ നടന്‍ ഷെയിന്‍ നിഗവും പ്രതികരിച്ചു. ഫേസ്‌ബുക്കിലൂടെയാണ് ഷെയിനിന്‍റെ പ്രതികരണം (Shane Nigam reacts on Kalamassery Explosion).
കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പോസ്‌റ്റുകളാണ് ഷെയിന്‍ ഇതുവരെ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ടുള്ള തന്‍റെ ആദ്യ രണ്ട് പോസ്‌റ്റുകള്‍ക്ക് ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങളില്‍ സന്തോഷം പങ്കുവച്ചു കൊണ്ടുള്ളതായിരുന്നു നടന്‍റെ മൂന്നാമത്തെ പോസ്‌റ്റ് (Shane Nigam Facebook Post).
'ഹലോ ഡിയർ ഫ്രണ്ട്സ്, കഴിഞ്ഞ ദിവസം പോസ്‌റ്റ് ചെയ്‌ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്... സന്തോഷം തന്നെ. ഞാൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ, മത, വർണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലയ്‌ക്ക് എൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളും മാത്രം ആണ് അത്.
സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത്. സ്വാർഥ ലാഭത്തിന് വേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ... ഞാന്‍ അല്ല.. നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്... അത് എന്നും തുടർന്ന് കൊണ്ടിരിക്കും....' -ഇപ്രകാരമാണ് ഷെയിന്‍ നിഗത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഫേസ്‌ബുക്ക് പോസ്‌റ്റ്.
'സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്. ഒരു ചാനലുകളും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരം ആക്കരുത്. ഈ സംഭവത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ. അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.' -ഇതായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് ഷെയിന്‍ ആദ്യം പങ്കുവച്ച കുറിപ്പ്.