ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ഇപ്പോള്‍ ഒടിടിയിലും തിളങ്ങുകയാണ്. ഷാഹിദിന്‍റെ ആദ്യ ഒടിടി വെബ് സീരീസ് റിലീസായിരുന്നു 'ഫര്‍സി'. ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരെ ആകർഷിച്ച താരം ഇപ്പോള്‍ പുതിയ ഒടിടി റിലീസിനൊരുങ്ങുകയാണ്. താരത്തിന്‍റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ പ്രൊജക്‌ടാണ് 'ബ്ലഡി ഡാഡി'. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്.
ഈ ചിത്രത്തിന് വേണ്ടി താരം തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'ബ്ലഡി ഡാഡി'ക്ക് 40 കോടി രൂപ ഈടാക്കിയെന്നാണ് അഭ്യൂഹം പ്രചരിച്ചത്. കബീര്‍ സിങ്ങിന്‍റെ വൻ വിജയത്തിന് ശേഷം താരം തന്‍റെ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ 'ബ്ലഡി ഡാഡി'യുടെ പ്രതിഫലം സംബന്ധിച്ച ചോദ്യം ഷാഹിദിന് നേരിടേണ്ടിവന്നു. ചോദ്യം കേട്ട്ഞെട്ടിയ താരം, അത്രയും പണം തരൂ, താങ്കളുടെ സിനിമ ചെയ്യാമെന്ന് മാധ്യമപ്രവര്‍ത്തകനോട് തമാശ രൂപേണ പറഞ്ഞു. സംവിധായകൻ അലി അബ്ബാസ് സഫറും ഇക്കാര്യത്തില്‍ പ്രതികരിച്ചു. 'നിങ്ങൾ കുറച്ചാണ് പറഞ്ഞതെ'ന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ഷാഹിദ് കപൂറും തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. 'വണ്‍ ഹെല്‍ ഓഫ് എ ബ്ലഡി നൈറ്റ്.ട്രെയിലര്‍ പുറത്തിറങ്ങി! ബ്ലഡി ഡാഡി കാണുക, ബ്ലഡി ഡാഡി ജിയോ സിനിമയില്‍ ജൂണ്‍ ഒന്‍പതിന് സ്‌ട്രീമിങ് ചെയ്യും' - ഷാഹിദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.