പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരുന്ന ആ ഒടിടി റിലീസ് എത്തി. കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'പഠാന്‍'. ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഇന്നാണ് (മാര്‍ച്ച് 22) ചിത്രം സ്‌ട്രീമിംഗ് ആരംഭിച്ചത്.
തിയേറ്റര്‍ റിലീസ് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് 'പഠാന്‍' ഒടിടിയില്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തിയേറ്റര്‍ റിലീസില്‍ നിന്നും അധിക രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് 'പഠാന്‍റെ' ഒടിടി റിലീസ്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇതേകുറിച്ച് ചര്‍ച്ചകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന 'പഠാന്‍' എന്ന കഥാപത്രം റഷ്യക്കാരുടെ അതിക്രൂരമായ പീഡനത്തിന് ഇരയാകുന്നതാണ് അതിലൊരു രംഗം. ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍, കസേരയില്‍ ബന്ധിയാക്കിയ പഠാന്‍റെ കൈ വിരളുകളില്‍ നിന്നും നഖം പറിച്ചെടുക്കുന്ന ഭയാനകമായൊരു രംഗമാണിത്. റഷ്യന്‍ ഉദ്യോഗസ്ഥന്‍റെ ഈ ക്രൂരകൃത്യത്തില്‍ വേദനയോടെ നിലവിളിക്കുന്ന പഠാനെയാണ് ദൃശ്യങ്ങളില്‍ കാണാനാവുക.
'പഠാൻ പറയൂ, ഒടുവില്‍ എല്ലാവരും സംസാരിക്കുമെന്ന് നിങ്ങൾക്കറിയാം.' ഇപ്രകാരമുള്ള ഉദ്യോഗസ്ഥന്‍റെ ചോദ്യത്തിന് പഠാന്‍റെ തമാശരൂപേണയുള്ള മറുപടിയും കാണാം. 'നിങ്ങളുടെ ഹിന്ദി വളരെ മികച്ചതാണ്. നിങ്ങളുടെ അമ്മ ഹിന്ദുസ്ഥാനിൽ പോയിരുന്നോ അതോ നിങ്ങൾ സംയുക്ത പ്രവർത്തനത്തിന്‍റെ ഭാഗമായിരുന്നോ?' -പഠാന്‍റെ ഈ മറുപടിയ്‌ക്ക് ഉദ്യോഗസ്ഥനില്‍ നിന്നും അദ്ദേഹത്തിന് മുഖത്ത് വലിയൊരു പഞ്ച് ലഭിക്കുകയും ചെയ്‌തു.
'പഠാനി'ലെ ഈ രംഗങ്ങള്‍ എന്തുകൊണ്ട് തിയേറ്റര്‍ റിലീസില്‍ നിന്നും നീക്കം ചെയ്‌തു എന്ന ആശങ്ക പങ്കുവച്ച് ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. 'എക്കാലത്തെയും മികച്ച ഒടിടി അനുഭവം.'-ഒരാൾ കുറിച്ചു. 'ഈ രംഗം സിനിമാ ഹാളിൽ തീ പടര്‍ത്തുമായിരുന്നു. എന്തിനാണ് ഈ രംഗം നീക്കം ഡിലീറ്റ് ചെയ്‌തത്...' -മറ്റൊരാള്‍ കുറിച്ചു.