ഷാരൂഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഡങ്കി'. ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന്‍റെ പകിട്ടിനൊപ്പം ആരാധകർക്ക് ഇരട്ടി മധുരവുമായി എത്തിയിരിക്കുകയാണ് 'ഡങ്കി' സിനിമയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ പുതിയ പോസ്റ്ററുകളാണ് അണിയറക്കാർ ദീപാവലി സമ്മാനമായി പുറത്തുവിട്ടിരിക്കുന്നത്.
'പുതുവർഷം പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കൂ' എന്ന ടൈറ്റിലുമായാണ് പോസ്റ്ററുകൾ എത്തിയിരിക്കുന്നത്. രാജ്‌കുമാർ ഹിറാനിയാണ് 'ഡങ്കി'യുടെ സംവിധായകൻ. നാല് സുഹൃത്തുക്കളുടെ ഹൃദയസ്‌പർശിയായ കഥയാണ് 'ഡങ്കി' പറയുന്നത്. വിദേശത്ത് എത്താനുള്ള അവരുടെ അന്വേഷണമാണ് ഈ സിനിമയുടെ ഇതിവൃത്തം. യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്ന് ഉൾക്കൊണ്ട കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.
തപ്‌സി പന്നു നായികയാകുന്ന ചിത്രത്തിൽ 'ഹാർഡി' എന്ന കഥാപാത്രത്തെയാണ് കിംഗ് ഖാൻ അവതരിപ്പിക്കുന്നത്. വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവരെല്ലാവരും അണിനിരക്കുന്നതാണ് ചിത്രത്തിന്‍റെ പുതിയ രണ്ട് പോസ്റ്ററുകളും. സുഹൃത്തുക്കൾ കുടുംബത്തിന്‍റെ മറ്റൊരു ഭാഗമാണ് എന്ന സന്ദേശം കൂടിയാണ് പുതിയ പോസ്റ്ററുകളിലൂടെ അണിയറ പ്രവർത്തകർ നൽകുന്നത്.
റെഡ് ചില്ലീസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ രാജ്‌കുമാർ ഹിരാനി ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്നാണ് 'ഡങ്കി'യുടെ നിർമാണം. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും മറ്റ് പോസ്റ്ററുകളുമെല്ലാം സിനിമാസ്വാദകർ ഏറ്റെടുത്തിരുന്നു. നവംബര്‍ 2 ന് ഷാരൂഖ് ഖാന്‍റെ പിറന്നാള്‍ ദിനത്തിലാണ് നിര്‍മാതാക്കള്‍ 'ഡങ്കി' ടീസര്‍ റിലീസ് ചെയ്‌തത്.