മുംബൈ : കിങ് ഖാന്‍ ഷാരൂഖ് ഖാൻ്റെ പഠാൻ തിയ്യറ്ററുകളിൽ 20 ദിവസം പിന്നിട്ടിട്ടും ബോക്‌സോഫിസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ്. ടിക്കറ്റ് കൗണ്ടറുകളിൽ പഠാൻ്റെ അലർച്ച നിൽക്കുന്നില്ല. എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി: ദി കൺക്ലൂഷൻ്റെ ബോക്‌സോഫിസ് റെക്കോഡുകൾ തകർക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പഠാൻ. ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാഹുബലി 2-ൻ്റെ ഹിന്ദി പതിപ്പിനെ ഷാരൂഖ് നായകനായ ചിത്രം മറികടക്കാൻ സാധ്യതയുണ്ട്. രാജമൗലി ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് 510.99 കോടി രൂപയുടെ റെക്കോഡ് സ്വന്തമാക്കിയിരുന്നു.
യഷ് രാജ് ഫിലിംസ് ബുധനാഴ്‌ച തങ്ങളുടെ സോഷ്യൽ മീഡിയയിൽ പഠാൻ്റെ ബോക്‌സോഫിസ് അപ്‌ഡേറ്റുകൾ പങ്കിട്ടിരുന്നു. 21 ദിവസത്തിന് ശേഷം ചിത്രം ലോകമെമ്പാടുമായി 963 കോടി രൂപയുടെ ബിസിനസ് രജിസ്റ്റർ ചെയ്‌തു. നിർമാതാക്കൾ തങ്ങളുടെ ട്വിറ്റർ ഹാൻഡിലൂടെയാണ് ഔദ്യോഗിക നമ്പറുകൾ പുറത്തുവിട്ടത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രം വിദേശ വിപണിയിൽ മാത്രം 44.27 മില്യൺ ഡോളർ (363 കോടി രൂപ) നേടി.
also read :പഠാൻ വിജയം : 'ബേഷരം രംഗ്' ഗാനരംഗത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറക്കാര്‍
വാലൻൻ്റൈൻസ് ഡേ കാരണം ചൊവ്വാഴ്‌ച ഇന്ത്യയിൽ നെറ്റ് കലക്ഷൻ കുതിച്ചുയർന്നതിനാൽ സ്‌പൈ ത്രില്ലറിന് വലിയ മുന്നേറ്റമാണ് ലഭിച്ചത്. സിനിമ ആഭ്യന്തര വിപണിയിൽ 498.85 കോടി നേടിയപ്പോൾ റിലീസായി 21 ദിവസം പിന്നിടുമ്പോൾ മൊത്തം ബോക്‌സോഫിസ് കലക്ഷൻ 600 കോടിയാണ്. റിലീസ് സമയത്ത് ചിത്രത്തിന് വലിയ എതിരാളികൾ ഇല്ലാതിരുന്നത് ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ 3000 സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന കാർത്തിക് ആര്യൻ്റെ ഷെഹ്‌സാദയിൽനിന്നും പഠാന് ചില മത്സരങ്ങൾ നേരിടേണ്ടിവന്നേക്കാം. ഷെഹ്‌സാദ ആദ്യം ഫെബ്രുവരി 10 ന് സ്‌ക്രീനിൽ എത്തിക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഫാമിലി എന്‍റർടെയ്‌നറിൻ്റെ റിലീസ് തീയതി നീട്ടിയതിനാൽ തന്നെ പഠാന് കുറച്ച് സമയത്തേക്കുകൂടി സമയം നീട്ടിക്കിട്ടി.
'പഠാൻ്റെ' മറ്റൊരു ബോക്‌സോഫിസ് എതിരാളി ഫെബ്രുവരി 17ന് റിലീസിനൊരുങ്ങുന്ന മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ഭാഗമായ 'ആൻഡ് മാൻ ആൻഡ് ദി വാസ്‌പ്: ക്വാണ്ടംമാനിയയാകും'. നിരവധി ബോളിവുഡ് സിനിമകളുടെ ബോക്‌സോഫിസ് പരാജയങ്ങൾക്ക് ശേഷം ബോളിവുഡിൻ്റെ തിരിച്ചുവരവറിയിച്ചുകൊണ്ടാണ് പഠാൻ ജൈത്രയാത്ര തുടരുന്നത്.
ഷാരൂഖ് ഖാൻ്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഇതിനോടകം തന്നെ ഇടം പിടിച്ചു കഴിഞ്ഞു. ലോകമെമ്പാടുമ്മുള്ള പ്രേക്ഷകർ ഏറ്റെടുത്ത സിനിമ 1000 കോടി കലക്ഷൻ മറികടക്കുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാൽ 'ആർആർആർ', യാഷിന്‍റെ 'കെജിഎഫ് 2' എന്നീ ചത്രങ്ങൾക്കൊപ്പവും പഠാൻ ഇടംപിടിക്കും. ചിത്രത്തിൻ്റെ വൻ വിജയത്തിന് ശേഷം സിനിമക്ക് രണ്ടാം ഭാഗമുണ്ടാവുമെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ് അറിയിച്ചിരുന്നു. സിനിമയിൽ ഷാരൂഖ് ഖാനെ കൂടാതെ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.