ബോളിവുഡിന്‍റെ കിങ് ഖാൻ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം. ബോളിവുഡും തമിഴ് സിനാമസ്വാദകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമ 'ജവാന്‍റെ' (Jawan) ഹിന്ദി ട്രെയിലർ പുറത്ത് (Jawan Official Hindi Prevue). തമിഴില്‍ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ അറ്റ്ലിയുടെ (Atlee) സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ജവാൻ'.
പ്രേക്ഷകരുടെ പ്രതീക്ഷകൾ വീണ്ടും ഉയർത്തുന്ന, അവരുടെ കാത്തിരിപ്പിന്‍റെ ആക്കം കൂട്ടുന്ന ട്രെയിലർ തന്നെയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടത്. കിടിലം മേക്കോവർ കൊണ്ടും തകർപ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. 2.12 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ പ്രിവ്യു (ട്രെയിലർ) സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
തെന്നിന്ത്യയുടെ അഭിമാന താരം നയൻതാരയാണ് (Nayanthara) ചിത്രത്തില്‍ നായികയായി എത്തുന്നത്. നയൻസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാൻ. ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് ചിത്രത്തിൽ നയന്‍താര അവതരിപ്പിക്കുന്നത്. ട്രെയിലറിലെ താരത്തിന്‍റെ പ്രകടനം കയ്യടി നേടുകയാണ്.
വിജയ് സേതുപതിയും (Vijay Sethupathi) ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ട്രെയിലറില്‍ മാസായി പ്രത്യക്ഷപ്പെടുന്ന താരം ചിത്രത്തിന് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. ബോളിവുഡിലെ മുൻനിര താരങ്ങളില്‍ ഒരാളായ ദീപിക പാദുകോണും (Deepika Padukone) ആക്ഷന്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന പ്രിവ്യൂവില്‍ അണിനിരക്കുന്നുണ്ട്.
അതിഥി വേഷത്തിലാണ് ദീപിക എത്തുന്നത്. സഞ്ജയ് ദത്തും ചിത്രത്തിൽ അതിഥി വേഷത്തിലുണ്ട്. പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദ്രോഗ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
അതേസമയം, പല വേഷത്തിലും ഗെറ്റപ്പിലുമാണ് ഷാരൂഖ് ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. ജവാനിൽ ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനേയും ഒരു ഗ്യാങ്സ്റ്ററായ മകനേയുമാണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചിത്രം സെപ്റ്റംബർ ഏഴിന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ജവാൻ നിര്‍മിക്കുന്നത്. നടന്‍ വിജയ്, അല്ലു അര്‍ജുന്‍ എന്നിവരുടെ കാമിയോ റോളുകളും ചിത്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് ജവാനിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് എന്നതും ചിത്രത്തിന്‍റെ സവിശേഷതയാണ്.
അനിരുദ്ധ് (Anirudh) ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2022 ജൂൺ രണ്ടിന് 'ജവാൻ' തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് സെപ്റ്റംബർ ഏഴിലേക്ക് റിലീസ് മാറ്റുകയായിരുന്നു. അതേസമയം റിലീസ് മാറ്റിവച്ചതിന്‍റെ കാരണങ്ങൾ വ്യക്തമല്ല.
READ MORE:'ഇതാ എന്‍റെ മുഖം, ഡയറക്‌ടറോടും പ്രൊഡ്യൂസറിനോടും പറയരുത്'; ആരാധകരുടെ പരാതിക്ക് പരിഹാരവുമായി കിങ് ഖാൻ