തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ ശക്തമായി തിരിച്ചുവരാനുളള തയ്യാറെടുപ്പിലാണ് ഷാരൂഖ് ഖാന്‍. കൈനിറയെ സിനിമകളാണ് കിങ് ഖാന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. തമിഴ് സംവിധായകന്‍ അറ്റ്‌ലീയുടെ ബോളിവുഡ് അരങ്ങേറ്റം ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെയാണ്. 'ജവാന്‍' എന്നാണ് സൂപ്പര്‍താര ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
കാത്തിരിപ്പിനൊടുവില്‍ ഷാരൂഖ് ചിത്രത്തിന്‍റെ അനൗണ്‍സ്‌മെന്‍റ് ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു തരം റോളിലാണ് കിങ് ഖാന്‍ ജവാനില്‍ എത്തുന്നതെന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഷാരൂഖ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ വരുന്നത്.
1.31 മിനിറ്റ് ദൈര്‍ഘ്യമുളള ടീസര്‍ ജവാന്‍റെതായി പുറത്തുവന്നിരിക്കുന്നു. ടീസറില്‍ സൂപ്പര്‍താരത്തിന്‍റെ സ്ക്രീന്‍ പ്രസന്‍സും, ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളും, പശ്ചാത്തല സംഗീതവുമെല്ലാം ശ്രദ്ധേയമാണ്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാനാണ് സിനിമ നിര്‍മിക്കുന്നത്.
പാന്‍ ഇന്ത്യന്‍ ചിത്രവുമായിട്ടാണ് ഷാരൂഖ് ഖാനും അറ്റ്‌ലീയും എത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ സിനിമ പുറത്തിറങ്ങും. 2023 ജൂണ്‍ രണ്ടിനാണ് ബിഗ് ബജറ്റ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കിങ് ഖാന്‍ ഡബിള്‍ റോളില്‍ എത്തുന്ന സിനിമയില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക.
ഈ വര്‍ഷം പ്രഖ്യാപിച്ച ഷാരൂഖ് ഖാന്‍റെ മൂന്നാമത്തെ ചിത്രമാണ് ജവാന്‍. പത്താന്‍, ഡങ്കി എന്നീ പുതിയ സിനിമകളും നടന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നു. സിദ്ധാര്‍ഥ് ആനന്ദാണ് പത്താന്‍ സംവിധാനം ചെയ്യുന്നത്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന റോളിലെത്തും. സല്‍മാന്‍ ഖാന്‍, ഹൃത്വിക്ക് റോഷന്‍ എന്നിവരും അതിഥി വേഷത്തില്‍ അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് 'പത്താന്‍' സിനിമയുടെ നിര്‍മാണം. 2023 ജനുവരി 25ന് പത്താന്‍ തിയേറ്ററുകളിലെത്തും. അതേസമയം മുന്നാഭായി എംബിബിഎസ്, ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സിനിമകളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ രാജ്‌കുമാര്‍ ഹിരാനിയാണ് ഷാരൂഖ് ഖാന്‍റെ ഡങ്കി സംവിധാനം ചെയ്യുന്നത്.
റെഡ് ചില്ലീസ് എന്‍റര്‍ടെയ്‌ന്‍മെന്‍റും രാജ് കുമാര്‍ ഹിരാനി ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 2023 ഡിസംബര്‍ 22ന് റിലീസ് ചെയ്യും. തപ്‌സി പന്നുവാണ് സിനിമയില്‍ ഷാരൂഖ് ഖാന്‍റെ നായിക.