ഉണ്ണി മുകുന്ദന്‍റെ 'ഷെഫീക്കിന്‍റെ സന്തോഷം' ആണിപ്പോള്‍ രണ്ട് ദിവസമായി സിനിമയ്‌ക്കകത്തും പുറത്തും സംസാര വിഷയം. സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടുള്ള നടന്‍ ബാലയുടെ പരാമര്‍ശമാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. 'ഷെഫീക്കിന്‍റെ സന്തോഷ'ത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം.
എന്നാല്‍ ഇക്കാര്യം നിഷേധിച്ച് സിനിമയുടെ സംവിധായകന്‍ അനൂപ് പന്തളം, നിര്‍മാതാവും നടനുമായ ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാൻ ഇക്കാര്യത്തില്‍ പ്രതികരിച്ചത് ഫേസ്ബുക്കിലൂടെയാണ്. സിനിമയില്‍ പ്രവര്‍ത്തിച്ചതിന് തനിക്ക് കൃത്യമായ പ്രതിഫലം കിട്ടിയെന്നാണ് ഷാന്‍ റഹ്മാന്‍ പറയുന്നത്.
'ഷെഫീക്കിന്‍റെ സന്തോഷം എന്ന സിനിമയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാന്‍ ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നെ വിളിച്ചിരുന്നു. കൃത്യമായും മുഴുവനുമായുള്ള തുക കിട്ടിയെന്നാണ് അവരോട് പറഞ്ഞത്. പാട്ടുകളെല്ലാം ചെയ്‌ത് കൈമാറുന്നതിന് മുമ്പ് തന്നെ എനിക്ക് മുഴുവന്‍ പ്രതിഫലവും കിട്ടിയെന്ന് ഉണ്ണി ഉറപ്പ് വരുത്തിയിരുന്നു.
ഉണ്ണി എന്‍റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ എനിക്ക് പ്രതിഫലം നല്‍കുമ്പോള്‍ അവന്‍ വളരെ പ്രൊഫഷണലായിരുന്നു. പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ രസകരമായിരുന്നു. അനൂപ്, വിപിന്‍, വിനോദേട്ടന്‍ തുടങ്ങി എല്ലാവരും തികഞ്ഞ പ്രൊഫഷണലുകള്‍. എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഇവിടെ ഞാന്‍ എന്‍റെ കാര്യം നോക്കിയിരിക്കുന്നു. അതാണ് എന്‍റെ സന്തോഷം.'-ഷാന്‍ റഹ്മാന്‍ കുറിച്ചു.
Also Read:'സമ്മതം ഇല്ലാതെയാണ് ബാല ലൈവ് ടെലികാസ്‌റ്റ് ചെയ്‌തത്': കുറിപ്പുമായി ഛായാഗ്രാഹകന്‍