ഹൈദരാബാദ് :രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്‍റെ മോചനത്തില്‍ പ്രതികരണവുമായി നടന്‍ സത്യരാജ്. ഇതുവരെ നടന്നത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം ആയിരുന്നു, ലോകം അതിനെ അഭിനന്ദിക്കും. പേരറിവാളൻ പുറത്തിറങ്ങിയതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയിലൂടെയായിരുന്നു സത്യരാജിന്‍റെ പ്രതികരണം.
സുപ്രീം കോടതി വിധിയെയും പേരറിവാളനെയും നടന്‍ അഭിനന്ദിച്ചു. പേരറിവാളന്‍റെ മോചനത്തിന് പ്രധാന കാരണമായ തമിഴ്‌നാട് സര്‍ക്കാരിനും മുഖ്യമന്ത്രി സ്‌റ്റാലിനും അദ്ദേഹം നന്ദി അറിയിച്ചു. പേരറിവാളന്‍റെ മോചനത്തിനായി പോരാടിയ എല്ലാ പാർട്ടി നേതാക്കള്‍ക്കും അഭിഭാഷകർക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല. 'ഇതുവരെ നടന്നത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം ആയിരുന്നു, നിശ്ചയമായും ലോകം ഇതിനെ അഭിനന്ദിക്കും' എന്ന് പറഞ്ഞുകൊണ്ടാണ് സത്യരാജ് വീഡിയോ അവസാനിപ്പിക്കുന്നത്.
31 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഭരണഘടനയുടെ 142ാം അനുച്‌ഛേദം ഉപയോഗിച്ചായിരുന്നു വിധി. മൂന്ന് പതിറ്റാണ്ട് കാലം നീണ്ട അസാധാരണമായ നിയമപോരാട്ടത്തിന്‍റെ കഥയാണ് പേരറിവാളന്‍റെ ജീവിതം. 19ാം വയസ്സിലാണ് പേരറിവാളന്‍ അറസ്‌റ്റിലാകുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് വയസ്സ് 50.