നവാഗതനായ ബിച്ചാൾ മുഹമ്മദ് സംവിധാനം ചെയ്യുന്ന പീരിയോഡിക്കൽ ചിത്രം 'ശശിയും ശകുന്തളയും' ഓഗസ്റ്റ് 18ന് തീയേറ്ററുകളിൽ എത്തും. മൊയ്‌തീന്‍റെയും കാഞ്ചനമാലയുടെയും പ്രണയകഥയായ 'എന്ന് നിന്‍റെ മൊയ്‌തീൻ' അവതരിപ്പിച്ച ആർ എസ് വിമൽ, എട്ട് വർഷത്തിന് ശേഷം കഥയും തിരക്കഥയും നിർമാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ശശിയും ശകുന്തളയും. ആർ എസ് വിമലിനൊപ്പം സലാം താനിക്കാട്ട്, നേഹ (ആമി) എന്നിവരും ചിത്രത്തിന്‍റെ നിർമാണ പങ്കാളികളാണ്.
പ്രണയവും ചതിയും നന്ദികേടുമൊക്കെ നിറഞ്ഞ അവിശ്വസിനീയമായ യഥാർഥ കഥയാണ് ചിത്രത്തിന്‍റേത്. റൊമാന്‍റിക് സസ്‌പെൻസ് ത്രില്ലർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. ഒരു പഴയകാല ട്യൂട്ടോറിയൽ യുഗത്തിന്‍റെ ഏടാണ് ചിത്രം. 1970- 1975 കാലഘട്ടങ്ങളിലെ ട്യൂട്ടോറിയൽ കോളജുകളും അവിടെ നടക്കുന്ന പ്രണയവും പകയും മത്സരവുമൊക്കെയാണ് കഥയുടെ പശ്ചാത്തലം.
രണ്ട് ട്യൂട്ടോറിയൽ കോളജുകൾ തമ്മിലുള്ള പകയും അവിടത്തെ ഇംഗ്ലീഷ് അധ്യാപകനായ ശശിയും കണക്ക് അധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവുമാണ് ചിത്രത്തിന്‍റെ പ്രമേയം. നടൻ സിദ്ദീഖിന്‍റെ മകൻ ഷാഹിൻ സിദ്ദീഖ് (Shaheen Siddique) ആണ് ശശി മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രതിനായകനായ പലിശ പരമു എന്ന കഥാപാത്രമായി ആർ എസ് വിമൽ (R S Vimal) എത്തും. കണക്ക് അധ്യാപികയായ ശകുന്തളയായി എത്തുന്നത് നേഹ (ആമി) ആണ്. മലയാളം തമിഴ് ചിത്രങ്ങളിൽ തന്‍റെ കഴിവ് തെളിയിച്ചിട്ടുള്ള അശ്വിൻ കുമാർ (Ashwin kumar) കോളജ് പ്രിൻസിപ്പാളായ സുധാകരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.