പ്രിയ സംവിധായകന്‍ സിദ്ദിഖിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി എഴുത്തുകാരി ശാരദക്കുട്ടി ഭാരതിക്കുട്ടി. ഏത് സങ്കടത്തിലും സിദ്ദിഖിന്‍റെ സിനിമ കണ്ടാൽ ചിരിക്കുമെന്നാണ് ശാരദക്കുട്ടി പറയുന്നത്. രണ്ട് തവണ രണ്ട് ഫേസ്‌ബുക്ക് പോസ്‌റ്റുകളിലൂടെയാണ് ശാരദക്കുട്ടി, സിദ്ദിഖിനെ അനുസ്‌മരിച്ച് രംഗത്തെത്തിയത്. സിദ്ദിഖിന്‍റെ ഒരു ചിത്രവും ശാരദക്കുട്ടി ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
'സിദ്ദിഖ് ലാല്‍ എന്നേ പറഞ്ഞിട്ടുള്ളു. ചിരിപ്പിച്ചിട്ടേയുള്ളു. ചിരിച്ചേ കണ്ടിട്ടുള്ളു. ഏതു സങ്കടത്തിലും നിങ്ങളുടെ സിനിമ കണ്ടാൽ ചിരിച്ചു മറിഞ്ഞിട്ടേ ഉള്ളു. മലയാളം ഉള്ള കാലത്തോളം ഓർത്തോർത്ത് ചിരിക്കാൻ എത്ര സംഭാഷണങ്ങൾ!! എത്ര സീനുകൾ!!.
വേണമെങ്കിൽ അര മണിക്കൂർ മുന്നേ പുറപ്പെടാം. ഇത് ഞാനങ്ങോട്ടു വിളിച്ച കോളല്ലേ! എന്നിട്ടിത് രാമഭദ്രൻ താമസിക്കുന്ന മുറിയാണെന്നാണല്ലോ പറഞ്ഞത് : നീ എന്തിനാ പഠിക്കുന്നത്, തളിയാനേ പനിനീര്.. പറ.. ഞാനെന്തൊക്കെയാ മറക്കേണ്ടത്!! വേദന മാത്രം. വിട പ്രിയ സിദ്ദിഖ്.. നിങ്ങളെ അത്രക്കിഷ്‌ടമായിരുന്നു.' -ശാരദക്കുട്ടി ഭാരതിക്കുട്ടി കുറിച്ചു.
ആദ്യ പോസ്‌റ്റ് പങ്കുവച്ച് മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു പോസ്‌റ്റും ശാരദക്കുട്ടിയുടെതായി ഫേസ്‌ബുക്കില്‍ വന്നു. സംവിധായകന്‍ സിദ്ദിഖിന്‍റെ ഹിറ്റ് സിനിമകളില്‍ നിന്നുള്ള ഏതാനും ഹിറ്റ് ഗാനങ്ങളുടെ പട്ടിക പങ്കുവച്ച് കൊണ്ടായിരുന്നു ശാരദക്കുട്ടിയുടെ രണ്ടാമത്തെ പോസ്‌റ്റ്.
'ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നിൻ കിനാക്കളെല്ലാം ....
ഏകാന്ത ചന്ദ്രികേ... തേടുന്നതെന്തിനോ...
പാതിരാവായി നേരം പനിനീർ കുളിരമ്പിളീ...
പാൽനിലാവിനും ഒരു നൊമ്പരം
പാതിരാക്കിളീ എന്തിനീ മൗനം...
മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ... ആർപ്പോ ...
പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ... തുള്ളിത്തേനുണ്ടോ...
രേഖകളെല്ലാം ഈ കയ്യിലുണ്ട് പ്രിയ സിദ്ദിഖ്. ഇതാണ് ആ രേഖ. എന്‍റെ മനസ്സിന്‍റെ മച്ചിന്മേല്‍ ഇരുന്ന് നീ ഉറങ്ങാതിരിപ്പൂ .....മ്....മ്..... വേദനയോടെ മാത്രം. '-ശാരദക്കുട്ടി കുറിച്ചു.
Also Read:താരങ്ങളുടെ പ്രിയ സംവിധായകന്‍ ; സിദ്ദിഖിനെ അനുസ്‌മരിച്ച് മലയാള സിനിമാലോകം
മലയാള സിനിമയിലെ കോമഡി താരം ധര്‍മജന്‍ ബോള്‍ഗാട്ടിയും സംവിധായകന്‍റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി. സര്‍ എന്തിനാ ഇത്ര നേരത്തെ യാത്രയായത് എന്നാണ് ധര്‍മജന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
'പ്രിയപ്പെട്ട സിദ്ദിഖ് സർ സ്വർഗ്ഗത്തിലേയ്ക്ക്, കലയും, സ്നേഹവും ഒരേ അളവിൽ കൊണ്ടു നടന്നയാൾ സിനിമാലയിൽ എന്‍റെ പ്രകടനം കണ്ട് ഡയാന ചേച്ചിയോട് അതേതാ ആ പയ്യൻ, നല്ല ഭാവിയുണ്ട് എന്ന് പറഞ്ഞത് എന്‍റെ ആദ്യത്തെ അവാർഡ്.
പിന്നീടൊരിക്കൽ ഞാൻ പഠിച്ച സ്‌കൂളിൽ എന്നെ ആദരിക്കുന്ന ചടങ്ങിൽ എന്നെപ്പറ്റി പറഞ്ഞ വാക്കുകൾ ഒരക്ഷരം പോലും മറക്കാതെ ഓർമ്മയില്‍ ഉണ്ട്. ചാൻസ് ചോദിക്കാൻ പല പ്രാവശ്യം ആലോചിച്ചു, പിന്നെ ആലോചിച്ചു എന്നെ അറിയാലോ എന്നേലും വിളിക്കും.....
ഈ അടുത്ത കാലത്ത് സുഹൃത്ത് സുനീഷ് വാരനാട് എഴുതി, സിദ്ദിഖ് സർ ഉൾപ്പടെ പ്രൊഡ്യൂസ് ചെയ്‌ത 'പൊറാട്ട് നാടകം' എന്ന സിനിമ ചെയ്‌തു.. സിനിമ മുഴുവൻ കാണാൻ സാറില്ല... ഒരുമിച്ച് റിലീസിന് കാണാം... സാറ് സ്വർഗ്ഗത്തില്‍ ഇരുന്ന് കാണും. അല്ലെങ്കിൽ ഞങ്ങളുടെ ഇടയിൽ എവിടെയെങ്കിലും ഉണ്ടാകും. സിദ്ദിഖ് സർ നിങ്ങളെന്തിനാ ഇത്ര നേരത്തേ....' -ഇപ്രകാരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി കുറിച്ചത്.
Also Read:'ഈ വിയോഗം നമുക്ക് ഓരോരുത്തര്‍ക്കും വലിയ നഷ്‌ടം'; സിദ്ദിഖിന് രാഷ്‌ട്രീയ നായകരുടെ ആദരാഞ്ജലികള്‍