മലയാളം പ്രൊഫഷണൽ നാടകങ്ങളിലൂടെ വളർന്ന്, നിരവധി മലയാള ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‌ത് പ്രേക്ഷക പ്രീതി ആർജിച്ച നടനാണ് സന്തോഷ് കീഴാറ്റൂർ. 'വിക്രമാദിത്യൻ' എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ഒരു നടൻ എന്ന നിലയിൽ മലയാള സിനിമാ മേഖലയിൽ അദ്ദേഹം കയ്യൊപ്പ് ചാർത്തുന്നത്. 'വിക്രമാദിത്യന്' മുമ്പും നിരവധി മലയാള ചിത്രങ്ങളിൽ സന്തോഷ് കീഴാറ്റൂർ കഥാപാത്രങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്.
മോഹൻലാൽ ചിത്രം 'പുലിമുരുകനി'ലെ മുരുകന്‍റെ അച്ഛൻ വേഷവും മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദറി'ലെ വില്ലനും അങ്ങനെ വ്യത്യസ്‌തങ്ങളായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ വിസ്‌മയിപ്പിച്ചു കൊണ്ടിരിക്കുന്ന അഭിനയ ജീവിതം. മലയാള നാടകവേദിയെയും കലാകാരന്മാരെയും ആധുനിക കാലത്തിന്‍റെ പ്രേക്ഷക ആസ്വാദന തലവുമായി അരക്കിട്ടുറപ്പിച്ച് സംസാരിക്കുകയാണ് സന്തോഷ് കീഴാറ്റൂർ.
കാഴ്‌ചക്കാരില്ലാതെ മലയാള നാടകവേദി ശ്വാസം മുട്ടുകയാണോ? അങ്ങനെയെങ്കിൽ നാടക കലാകാരന്മാരുടെ ഭാവി എന്ത്? മലയാള സിനിമയ്‌ക്ക് നല്ല നടന്മാരെ സമ്മാനിക്കുവാനുള്ള ഒരു മാധ്യമമായി മാത്രം, ക്ഷണിക്കപ്പെട്ടതും അന്വേഷിച്ച് കണ്ടെത്തേണ്ടതുമായ അരങ്ങുകളിൽ നാടകങ്ങളുടെ കരിന്തിരി എരിയുകയാണോ?
കഴമ്പില്ലാത്ത മുൻധാരണയിൽ നിന്നുള്ളതാണ് ഈ ചോദ്യം, ഉറച്ച സ്വരത്തിൽ സന്തോഷ് കീഴാറ്റൂരിന്‍റെ മറുപടി. സിനിമയുടെ വർണ്ണാഭമായ ലോകം മാത്രം കൺതുറന്നു കാണാതെ ഗ്രാമങ്ങളിലേക്ക് മാധ്യമങ്ങൾ കാമറയുമായി കടന്നുചെല്ലാത്തതാണ് ഇത്തരം ചോദ്യം ഉന്നയിക്കാൻ കാരണമെന്ന് സന്തോഷ് കീഴാറ്റൂർ ചൂണ്ടിക്കാട്ടി. എന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കൂ, ഇന്നലെ വേദിയിൽ അവതരിപ്പിച്ച വേഷത്തിന്‍റെ കൺമഷി ഇനിയും മാഞ്ഞിട്ടില്ല.
കഴിഞ്ഞ രാത്രിയിലെ നാടക തട്ടിൽ നിന്നുമാണ് ഈ അഭിമുഖ സംഭാഷണത്തിന് നിങ്ങളുടെ മുന്നിലേക്ക് ഞാൻ എത്തിയത്. നാടകം എന്ന കലയ്‌ക്ക് ഒരിക്കലും മരണമില്ല', അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഉറക്കച്ചടവ് അദ്ദേഹത്തിന്‍റെ കണ്ണിൽ നിന്നും മാറിയിട്ടില്ല. അങ്ങനെയുള്ള കലാകാരന് നാടകം മരിക്കുന്നു എന്ന പ്രസ്‌താവന ദേഷ്യത്തിന്‍റെയും സങ്കടത്തിന്‍റെയും ഭാവമുണർത്തിയാൽ അതിൽ തെറ്റ് പറയാനാവില്ല.
നാടക കലാകാരന്മാർക്ക് സമൂഹത്തിൽ സിനിമാ താരങ്ങളോളം മൂല്യം കൽപ്പിക്കുന്നില്ല എന്ന വസ്‌തുത ശരിയാണ്. അതുകൊണ്ട് തന്നെയാകാം ഇത്തരത്തിലുള്ള ഒരു ചോദ്യം ഉയർന്നതും. ഒരുകാലത്തും നാടകം എന്ന കലാസൃഷ്‌ടിക്ക് ഒന്നും സംഭവിക്കില്ല.
കഴിഞ്ഞ മാസം സ്വന്തം നാടകവുമായി അമേരിക്കൻ സന്ദർശനം നടത്തിയിരുന്നു. അമേരിക്കയിൽ നിന്ന് നാടകത്തിന് ലഭിച്ച പ്രതിഫലത്തിന്‍റെ ഭൂരിഭാഗവും അവിടുത്തെ ബ്രോഡ് വേയിലെ നാടകങ്ങൾ ആസ്വദിക്കുവാനാണ് ചിലവാക്കിയത്. ലോകത്തിൽ നാടകത്തിനുള്ള പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്നു.