ചെന്നൈ:വിക്രം, കൈതി തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ ലോകേഷ് കനകരാജിൻ്റെ (ലോക്കി) ജൻമദിനമായിരുന്നു ഇന്ന്. ജൻമദിനമാഘോഷിക്കുന്ന ലോകേഷിനും ആരാധകർക്കും ഇരട്ടി സന്തോഷമേകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലോകേഷ് കനകരാജിൻ്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പെഴുതി ലോകേഷിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം താരം സഞ്ജയ് ദത്ത്. ലോകേഷ് കനകരാജിൻ്റെ വരാനിരിക്കുന്ന വിജയ് ചിത്രമായ ‘ലിയോ’യിൽ ഒരു പ്രധാന റോളിലെത്തുന്ന നടൻ, ലോകേഷിനെ തൻ്റെ രണ്ടു കൈകൊണ്ടും ഇറുക്കി കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ചിരിക്കുന്നത്.
ആശംസയറിയിച്ച് സഞ്ജയ് ദത്ത്: കറുത്ത കോട്ടും, ജാക്കറ്റും ധരിച്ചുകൊണ്ട് വളരേ സന്തോഷവാൻമാരായാണ് ചിത്രത്തിൽ ഇരുവരെയും കാണാൻ സാധിക്കുന്നത്. ‘എൻ്റെ സഹോദരനും, മകനും, കുടുംബവുമായ ലോകേഷ് കനകരാജിന് ജന്മദിനാശംസകൾ. ദൈവം നിനക്ക് എല്ലാ വിജയവും, സന്തോഷവും, സമാധാനവും, ആര്യോഗ്യവും നൽകട്ടെ.
ഞാൻ എപ്പോഴും നിൻ്റെ കൂടെ ഉണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ’ ചിത്രം പങ്കുവച്ചുകൊണ്ട് സഞ്ജയ് ദത്ത് കുറിച്ചു. സഞ്ജയ് ദത്ത് ചിത്രം പങ്കുവച്ച ഉടൻ തന്നെ താരത്തിന്‍റെ ഫോളോവേഴ്‌സ് ലോകേഷിന് ജൻമദിനം ആശംസിച്ചുകൊണ്ട് ചിത്രത്തിൻ്റെ കമൻ്റ് ബോക്‌സിൽ നിറഞ്ഞു. ഇതിൽ ‘ദളപതിയുടെ ജന്മദിന ചിത്രത്തിനായി കാത്തിരിക്കുന്നു’ എന്ന പോസ്റ്റിനാണ് ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ചിരിക്കുന്നത്.
വിജയ് ആരാധകരുടെ കമൻ്റുകളും ലൈക്കുകളുമാണ് കൂടുതലും. ‘ആരൊക്കെയാണ് സഞ്ജയ് സാറിൻ്റെ അടുത്ത സിനിമക്കായി കാത്തിരിക്കുന്നത്’ എന്നതായിരുന്നു രണ്ടാമതായി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കമൻ്റ്.