മുംബൈ: ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് യഷ് നായകനായ 'കെജിഎഫ് 2'. ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച കലക്ഷനുമായി ബോക്‌സ് ഓഫിസില്‍ കുതിക്കുകയാണ്. ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.
'കെജിഎഫ് 2'വില്‍ വില്ലന്‍ വേഷത്തിലെത്തിയത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. സഞ്ജയ് ദത്തിന്‍റെ ആദ്യ കന്നഡ ചിത്രം കൂടിയായിരുന്നു 'കെജിഎഫ് 2'. ചിത്രത്തില്‍ അധീര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍റെ പ്രകടനത്തിന് വലിയ കയ്യടി ലഭിച്ചിരുന്നു.
ചിത്രവുമായി ബന്ധപ്പെട്ട തന്‍റെ അനുഭവങ്ങളെ കുറിച്ച് താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചില ചിത്രങ്ങള്‍ മറ്റ് ചിത്രങ്ങളേക്കാള്‍ സ്‌പെഷ്യലായിരിക്കും. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കാന്‍ സഹായിച്ച ചിത്രമെന്ന നിലയിലായിരിക്കും കെജിഎഫ് 2 താന്‍ ഓര്‍ക്കുകയെന്ന് സഞ്ജയ് ദത്ത് കുറിപ്പില്‍ പറയുന്നു.
'കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുന്ന ചിത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. കെജിഎഫ് 2 എന്നെ സംബന്ധിച്ചിടത്തോളം അത്തരത്തിലുള്ള സിനിമയായിരുന്നു. എന്‍റെ കഴിവിനെ കുറിച്ചുള്ള സ്വയം ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു, ചിത്രമെനിക്ക് ആസ്വദിച്ച് ചെയ്യാനാകുമെന്ന് തോന്നി,' സഞ്ജയ് ദത്ത് പറഞ്ഞു.