മാസ്റ്ററിന് ശേഷം ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സഞ്ജയ് ദത്ത്. ദളപതി 67 എന്ന താത്‌കാലികമായി പേരിട്ട ബിഗ് ബജറ്റ് സിനിമയില്‍ വില്ലന്‍ റോളിലാകും സഞ്ജയ് ദത്ത് എത്തുക. വിജയ് ചിത്രം നിര്‍മിക്കുന്ന സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സഞ്‌ജയ് ദത്ത് കൂടി എത്തുന്നതോടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന പുതിയ ചിത്രത്തിന്‍മേലുളള ആരാധക പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുകയാണ്. ദളപതി 67 ഷൂട്ടിങ് ഫെബ്രുവരി ഒന്നിന് കശ്‌മീരിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്‍റ് നടന്നത്.
വിജയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിന്‍റെ സന്തോഷം ദളപതിക്കൊപ്പമുളള ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌ത് ലോകേഷ് കനകരാജ് പങ്കുവച്ചിരുന്നു. സംവിധാനത്തിന് പുറമെ സിനിമയുടെ രചനയും ലോകേഷ് തന്നെയാണ്. സഞ്ജയ് ദത്തിന് പുറമെ സംവിധായകരായ ഗൗതം വാസുദേവ മേനോന്‍, മിഷ്‌കിന്‍ തുടങ്ങിയവരും വിജയ് ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.