ഹൈദരാബാദ്: പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ പ്രേക്ഷകർ ഏറ്റെടുത്ത കെജിഎഫ് ചാപ്‌റ്റര്‍ 2 സെറ്റിലെ ഓർമകൾ പങ്കുവച്ച് ബോളിവുഡ് നടൻ സഞ്‌ജയ് ദത്ത്. ചിത്രത്തിൽ അധീരയുടെ വേഷം ചെയ്‌ത സൂപ്പര്‍താരം സെറ്റിലെ അനുഭവങ്ങളാണ് കെജിഎഫ് 2 പുറത്തിറങ്ങിയതിന്‍റെ ഒന്നാം വാർഷികത്തിൽ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവച്ചത്. കാൻസർ ചികിത്സയെത്തുടർന്ന് ശാരീരികമായി തളർന്നുപോയ സമയത്ത് അധീരയ്‌ക്ക് വേണ്ടി കാര്യമായ ശാരീരിക പരിവർത്തനത്തിന് വിധേയമാകേണ്ടി വന്നു. എന്നാൽ താരത്തിന്‍റെ കഠിനധ്വാനത്തിന്‍റെ ഫലം കൊണ്ട് വളരെയധികം പ്രശംസ പിടിച്ച് പറ്റിയ കഥാപാത്രം കൂടിയാണ് അധീര. ചിത്രത്തിന്‍റെ ഒന്നാം വാർഷികത്തിൽ താരം തന്‍റെ ആമുഖ വീഡിയോയും ഒപ്പം ചിത്രത്തിലെ ചില സ്‌നിപ്പെറ്റുകളും പങ്കുവച്ചിരുന്നു.
sanjay dutt about kgf chapter 2 experience: കെജിഎഫ് ചാപ്‌റ്റർ രണ്ടിൽ പ്രവർത്തിച്ചത് എനിക്ക് അവിശ്വസനീയമായ അനുഭവമായിരുന്നു. നിങ്ങളിൽ ചിലർക്ക് അറിയാവുന്നതുപോലെ, എനിക്ക് വ്യക്തിപരമായ വെല്ലുവിളികൾ നേരിട്ടിരുന്ന സമയത്ത് മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായി തോന്നി. എന്നിരുന്നാലും, കെജിഎഫ് ചാപ്റ്റർ 2 ന്‍റെ സെറ്റിൽ ആയിരിക്കുമ്പോൾ പ്രൊജക്‌റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ജോലിയോടുള്ള അഭിനിവേശവും അർപ്പണബോധവും എന്നെ വെല്ലിവിളികൾ അതിജീവിക്കുന്നതിനും കഥാപാത്രത്തെ ശക്തവും മികച്ചതുമാക്കാനും പ്രചോദിപ്പിച്ചു.
ഞാൻ സെറ്റിൽ കാലുകുത്തിയ നിമിഷം മുതൽ ഈ ലക്ഷ്യത്തിന് ജീവൻ പകരാൻ അക്ഷീണം പ്രയത്‌നിച്ച പ്രതിഭാധനരായ അഭിനേതാക്കളും അണിയറപ്രവർത്തകരും എന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. യഷ് ഇപ്പോൾ എനിക്ക് ഒരു സഹോദരനാണ്. ഞങ്ങളുടെ സംവിധായകൻ പ്രശാന്ത് നീൽ ഒരു അസാമാന്യ പ്രതിഭയാണ്. അയാൾ ഇനിയും മികച്ച പ്രവർത്തനങ്ങൾ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. സിനിമ ഒരു വർഷം പൂർത്തിയാകുന്ന ഈ വേളയിൽ, നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സ്‌നേഹവും അഭിനന്ദനവും അതിശയിപ്പിക്കുന്നതാണ്.