തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടേതായി റിലീസിനൊരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'ശാകുന്തളം'. പുരാണ കഥയെ ആസ്‌പദമാക്കിയുള്ള 'ശാകുന്തളം' കണ്ട ശേഷം വികാരാധീനയായിരിക്കുകയാണ് നടി സാമന്ത റൂത്ത് പ്രഭു. തന്‍റെ സിനിമയോടുള്ള വികാരങ്ങള്‍ താരം ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കുകയായിരുന്നു.
ശാകുന്തളം ടീമിനൊപ്പമുള്ള ചിത്രമടക്കമാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. 'ഒടുവിൽ ഞാനിന്ന് സിനിമ കണ്ടു! ഗുണശേഖർ ഗാരൂ. എന്‍റെ ഹൃദയം നിങ്ങളോടൊപ്പമാണ്. എത്ര മനോഹരമായ സിനിമ!. നമ്മുടെ ഏറ്റവും വലിയ ഇതിഹാസങ്ങളില്‍ ഒന്നിന് ജീവന്‍ നല്‍കിയിരിക്കുന്നു.
നമ്മുടെ കുടുംബ പ്രേക്ഷകർ ഈ സിനിമ കാണുന്നത് വരെ എനിക്ക് കാത്തിരിക്കാന്‍ ആവില്ല!. പിന്നെ എല്ലാ കുട്ടികളും. നിങ്ങൾ ഞങ്ങളുടെ മാന്ത്രിക ലോകത്തെ സ്നേഹിക്കാൻ പോകുന്നു!. ദിൽ രാജു ഗാരുവും നീലിമയും. ഈ അത്ഭുതകരമായ യാത്രയ്ക്ക് നന്ദി. ശാകുന്തളം എന്നെന്നും എന്നോട് ചേര്‍ന്നുനില്‍ക്കും' - സാമന്ത കുറിച്ചു.
കാളിദാസന്‍റെ വിഖ്യാതമായ 'ശാകുന്തള'ത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുഷ്യന്ത മഹാരാജാവിന്‍റെ ഭാര്യയും, ഭരത ചക്രവർത്തിയുടെ അമ്മയുമാണ് ശകുന്തള. കാട്ടിൽ വേട്ടയാടാൻ പോകുമ്പോഴാണ് ദുഷ്യന്തന്‍ ശകുന്തളയെ കാണുന്നത്. അവിടെ വച്ച് ശകുന്തളയും ദുഷ്യന്തനും പ്രണയത്തിലാവുകയും ഗന്ധർവ സമ്പ്രദായ പ്രകാരം വിവാഹിതരാവുകയും ചെയ്യുന്നതാണ് ചിത്ര പശ്ചാത്തലം.
മിത്തോളജിക്കൽ റൊമാന്‍റിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ദേവ് മോഹൻ ആണ് നായകനായി എത്തുന്നത്. സിനിമയില്‍ ദുഷ്യന്ത മഹാരാജാവിന്‍റെ വേഷത്തിലാണ് ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്നത്. ടൈറ്റില്‍ റോളില്‍ ശകുന്തളായി സാമന്തയും വേഷമിടുന്നു.