തെലുഗു സൂപ്പര്‍ താരം അല്ലു അർജുന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പുഷ്‌പ ദി റൂൾ'. അല്ലു അര്‍ജുന്‍, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2021ല്‍ സുകുമാര്‍ സംവിധാനം ചെയ്‌ത ചിത്രം 'പുഷ്‌പ ദി റൈസി'ന്‍റെ രണ്ടാം ഭാഗമാണ് 'പുഷ്‌പ ദി റൂൾ'. ഇപ്പോഴിതാ അല്ലു അര്‍ജുനും പുഷ്‌പയുമാണ് ട്രെന്‍ഡിംഗ് ലിസ്‌റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.
അല്ലു അര്‍ജുന്‍റെ 41-ാം ജന്മദിനത്തോടനുബന്ധിച്ച് ഗംഭീര ട്രീറ്റാണ് 'പുഷ്‌പ ദി റൂള്‍' നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ആദ്യം 'പുഷ്‌പ ദി റൂളി'ന്‍റെ പ്രത്യേക വീഡിയോയും പിന്നീട് ഫസ്‌റ്റ് ലുക്കും സമ്മാനിച്ച് മൈത്രി മൂവി മേക്കേഴ്‌സ് അല്ലു അര്‍ജുന്‍റെ ആരാധകര്‍ക്ക് ഇരട്ടി സന്തോഷമാണ് നല്‍കിയത്. റിലീസ് ചെയ്‌ത് നിമിഷ നേരം കൊണ്ട് തന്നെ വീഡിയോയും ഫസ്‌റ്റ് ലുക്കും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ആരാധകര്‍ മാത്രമല്ല അല്ലു അര്‍ജുന്‍റെ ജന്മദിനവും 'പുഷ്‌പ ദി റൂൾ' ട്രീറ്റും ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. സാമന്ത റൂത്ത് പ്രഭു, ദിഷ പടാനി, റാഷി ഖന്ന തുടങ്ങി നിരവധി താരങ്ങള്‍ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ്. സാരി ധരിച്ച് ദേഹമാസകലം സ്വർണ്ണാഭരണങ്ങൾ അണിഞ്ഞിരിക്കുന്ന അല്ലു അര്‍ജുന്‍ ആണിപ്പോള്‍ സിനിമയ്‌ക്കകത്തും പുറത്തും സംസാര വിഷയം.
Also Read:'വേട്ട അവസാനിക്കുന്നു, ഇനി പുഷ്‌പയുടെ ഭരണം'; അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക വീഡിയോ
ഇപ്പോഴിതാ അല്ലു അര്‍ജുന് ജന്മദിനാശംസകളുമായി തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയും രംഗത്തെത്തിയിരിക്കുകയാണ്. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അല്ലു അര്‍ജുനെ അഭിനന്ദിച്ച് സാമന്ത രംഗത്തെത്തിയിരിക്കുന്നത്. 'പുഷ്‌പ 2'ലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ടുള്ളതായിരുന്നു സാമന്തയുടെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി.