കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളം കൃതിയെ ആസ്‌പദമാക്കി ഒരുക്കിയ പാന്‍ ഇന്ത്യന്‍ ചിത്രം ശാകുന്തളത്തിന്‍റെ ട്രെയിലര്‍ പുറത്ത്. സാമന്ത, മലയാളി താരം ദേവ് മോഹന്‍ എന്നിവര്‍ കേന്ദകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ 2.52 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയിലറാണ് റിലീസ് ചെയ്‌തിരിക്കുന്നത്. ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥ മനോഹരമായി സിനിമയില്‍ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നു എന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന.
ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച തെലുഗു ചിത്രം മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. സിനിമ ത്രീഡിയിലും പുറത്തിറങ്ങും. സൂഫിയും സുജാതയും എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മോളിവുഡില്‍ ശ്രദ്ധേയനായ ദേവ് മോഹന്‍റെ ആദ്യ തെലുഗു ചിത്രമാണ് ശാകുന്തളം.