തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശാകുന്തളം'. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് സാമന്ത. 'ശാകുന്തളം' സംവിധായകന്‍ ഗുണശേഖര്‍ ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നതിനിടെ ആയിരുന്നു വേദിയില്‍ സാമന്ത വികാരാധീനയായത്. വേദിയിലിരുന്ന് കരയുന്ന സാമന്തയെ കണ്ട് ആരാധകര്‍ താരത്തെ സാം സാം എന്ന് വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്‌തു.
'ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്‌നേഹമാണ്. അത്രമാത്രം ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്‌നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്‌നേഹം പലമടങ്ങ് വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍, ശകുന്തളയുടെ കഥ അവിസ്‌മരണീയമായ ഒന്നാണ്. ഗുണശേഖര്‍ സാര്‍ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്.'-സാമന്ത പറഞ്ഞു.
കഴിഞ്ഞ ഒക്‌ടോബറിലാണ് സാമന്ത തന്‍റെ മയോസൈറ്റിസ് രോഗ വിവരം ആരാധകരെ അറിയിച്ചത്. ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് തന്‍റെ മയോസൈറ്റിസ് പോരാട്ട ദിനങ്ങളെ കുറിച്ച് താരം പങ്കുവച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു സാമന്ത.