ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ടൈഗര്‍ 3. പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പുതിയൊരു വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ടൈഗര്‍ 3യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം സല്‍മാന്‍ ഖാന്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ടൈഗര്‍ 3യുടേത് വളരെ തിരക്കേറിയ ഷെഡ്യൂളായിരുന്നുവെന്നും ഈ വർഷം ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി.
'കഴിഞ്ഞ ദിവസം രാത്രി ഞാൻ ടൈഗറിന്‍റെ ഷൂട്ടിങ്ങിലായിരുന്നു. ഞാൻ ടൈഗർ 3 പൂർത്തിയാക്കി. ഇനി ദീപാവലിക്ക് നിങ്ങൾക്ക് ടൈഗറിനെ കാണാൻ കഴിയും, ഇൻഷാ അല്ലാഹ്. വളരെ തിരക്കുള്ള ഷൂട്ടിങ് ആയിരുന്നു അത്, എങ്കിലും നല്ലതായിരുന്നു' -സല്‍മാന്‍ ഖാന്‍ പറഞ്ഞു. ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് 2023ന്‍റെ (IIFA) പത്രസമ്മേളനത്തിലാണ് സല്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഐഐഎഫ്‌എ 2023ല്‍ പങ്കെടുക്കുന്നതിനായി സല്‍മാന്‍ ഖാന്‍ കുറച്ച് ദിവസം അബുദാബിയില്‍ ഉണ്ടാകും. സൽമാനെ കൂടാതെ, ആതിഥേയരായ അഭിഷേക് ബച്ചൻ, വിക്കി കൗശൽ, ഫറാ ഖാൻ, രാജ്‌കുമാർ റാവു എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായി. രാകുൽ പ്രീത് സിങ്, നോറ ഫത്തേഹി, ജാക്വലിൻ ഫെർണാണ്ടസ്, അമിത് ത്രിവേദി, ബാദ്ഷാ, ന്യൂക്ലിയ, സുനിധി ചൗഹാൻ, യൂലിയ വന്തൂർ എന്നിവരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും.
വ്യാഴാഴ്‌ച പുലർച്ചെ സല്‍മാന്‍ ഖാന്‍ മുംബൈ വിമാനത്താവളത്തിൽ വച്ച് പാപ്പരാസികളുടെ കണ്ണിലുടക്കിയിരുന്നു. പുതിയ ഗെറ്റപ്പിലാണ് താരം വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ വച്ച് കണ്ട തന്‍റെ ആരാധകനെ താരം ആലിംഗനവും ചെയ്‌തു. തന്‍റെ ആരാധകനോടുള്ള സല്‍മാന്‍റെ ഈ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.