'എവിടേക്കാടാ നീ തള്ളിക്കയറിപ്പോകുന്നത്.. ആശാൻ മുമ്പിൽ നടക്കും, ശിഷ്യൻ പിറകെ.. മേലാൽ ഓവർടേക്ക് ചെയ്യരുത്..'സലിം കുമാറിന്‍റെകണ്ണൻ സ്രാങ്ക് എന്ന കഥാപാത്രം മഹിയെ പിറകിലാക്കി മുന്നോട്ട് കയറി നടക്കുന്നു. എന്നാൽ, സലിം കുമാർ നടന്നുകയറിയത് ആ ഒരൊറ്റ സീനിൽ മാത്രമല്ല, മറിച്ച് മലയാള സിനിമ പ്രേമികളുടെ നെഞ്ചിലെ ഹാസ്യ രാജാവ് എന്ന പട്ടത്തിലേക്കാണ്. അഭിനയിച്ച പല ചിത്രങ്ങളിലും നായകന്മാരെ പോലും പിന്നിലാക്കിയുള്ള പ്രകടനം. സിനിമയുടെ ഉടമസ്ഥാവകാശം വരെ കൈക്കലാക്കും വിധം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച ദി കോമഡി കിങിന് ഇന്ന് 54-ാം ജന്മദിനം (Malayalam Actor Salim Kumar Birthday).
കല്യാണരാമനിലെ പ്യാരിയും പുലിവാൽ കല്യാണത്തിലെ മണവാളനും മായാവിയിലെ കണ്ണൻ സ്രാങ്കും ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രമും സൂത്രധാരനിലെ ലീല കൃഷ്‌ണനുമൊക്കെ ഇന്നും മലയാളിക്ക് ആരെല്ലാമോ ആണ്. അത്രത്തോളം ജനപ്രിയത നേടിയെടുത്തതാണ് സലിം കുമാർ അവതരിപ്പിച്ച പല കഥാപാത്രങ്ങളും. പ്രകടനങ്ങൾ കൊണ്ട് സഹതാരങ്ങളെയും നായകനെയുമൊക്കെ പിന്നിലാക്കുംവിധമുള്ള ഭാവങ്ങളും ആംഗ്യങ്ങളും വാക്പ്രയോഗങ്ങളും. ആ ഒറ്റയാൾ പ്രകടനം കൊണ്ടാണ് അദ്ദേഹത്തിന്‍റെ പല കഥാപാത്രങ്ങളും സിനിമ റിലീസായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ട്രോളുകളിലും മീമുകളിലുമൊക്കെയായി നിറഞ്ഞുനിൽക്കുന്നത്.
നായകനായിരുന്നില്ലെങ്കിലും പ്രകടനം കൊണ്ട് മലയാളികളുടെ മനസിൽ നായക സ്ഥാനം നേടിയ ചില ചിത്രങ്ങളും കൗണ്ടറുകളും..
നിസ്സഹായത വരെ കോമഡിയാക്കിയ മണവാളൻ
എന്‍റെ മാതൃഭൂമി വരെ നനഞ്ഞുപോയല്ലോടോ..
പണം എനിക്കൊരു പ്രശ്‌നമേയല്ല..
അങ്ങ് ദുഫായിയിൽ ഈ അബ്‌ദുള്ളയുടെ ഇടംകയ്യായിരുന്നു ഞാൻ..
ആസൂണാസ് റീസണാസ് പോസ്സിബിൾ നമുക്ക് ധാരാളം മുദ്രപത്രങ്ങൾ വേണ്ടിവരും.. നമുക്ക് ഡോക്യുമെന്‍ററി തയ്യാറാക്കണ്ടെ..
അങ്ങനെ പടക്കക്കട ഗുദാ ഹവാ.. എനിക്കപ്പഴേ തോന്നി ഠമാർ പഠാർ
ഗജപമാാാാ...ഹായ് സുഭാഷ്..സുഭാഷ്
ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ.. അച്ഛനാണത്രേ അച്ഛൻ.. അച്ഛനെ കാണണം അച്ഛനെ കാണണം എന്നുപറഞ്ഞ് കരയുമ്പോൾ പള്ളീലച്ഛന്മാരെ കാട്ടിത്തന്ന് തൃപ്‌തിപ്പെടുത്തുമായിരുന്നു എന്‍റെ പൊന്നമ്മച്ചി..എന്നിങ്ങനെ ചിരിയുടെ മാലപ്പടക്കം തീർത്ത പുലിവാൽ കല്യാണത്തിലെ മണവാളൻ ഡയലോഗുകൾ. മലയാളികളുടെ മുഖഭാവമായിരുന്നു മണവാളൻ.
ദുഫായിയിൽ കറവപ്പണിയായിരുന്നുവെന്നും പൊരിവെയിലത്ത് ഒട്ടകത്തിനെ കറക്കിയും ദുഫായിയിലെ മലയാളികൾ ഈന്തപ്പഴം തിന്നുമ്പോൾ റോബസ്റ്റപ്പഴം കഴിച്ച് വിശപ്പടക്കിയ കഥയുമൊക്കെ മണവാളൻ തുറന്നുപറയുമ്പോൾ പൊട്ടിച്ചിരിക്കുകയായിരുന്നു പ്രേക്ഷകർ. എന്നാൽ, അത്രയും വലിയൊരു നിസ്സഹായത കണ്ട് മലയാളി പൊട്ടിച്ചിരിച്ചെങ്കിൽ അത് സലിം കുമാർ എന്ന അഭിനേതാവിന്‍റെ കഴിവ് കൊണ്ട് മാത്രമാണ്. ശൃഗാരവും ഭീഷണിയും നിസ്സഹായതയുമൊക്കെ മണവാളന്‍റെ മുഖത്ത് കാണുമ്പോൾ അതിനെ പൊട്ടിച്ചിരിയോടെ സ്വീകരിക്കാനെ മലയാളികൾക്ക് കഴിഞ്ഞുള്ളൂ. സ്വയം ഉണ്ടാക്കിയെടുക്കുന്ന വാക്‌പ്രയോഗങ്ങൾ, ശൈലികൾ, ഭാവങ്ങൾ, ആംഗ്യങ്ങൾ അങ്ങനെ എല്ലാത്തിലും അയാൾ ഹാസ്യം കലർത്തുകയായിരുന്നു.
മണവാളന്‍റെ എൻട്രിയോടെയാണ് പുലിവാൽ കല്യാണം എന്ന ചിത്രത്തിന്‍റെ ഗതി തന്നെ മാറുന്നത്. പറയത്തക്ക പ്രത്യേകതകൾ ഇല്ലാത്ത ചിത്രത്തിലെ ഒരു പോയിന്‍റിൽ മണവാളൻ കടന്നുവരുന്നു പിന്നീടങ്ങോട്ട് ചിരിപ്പൂരമൊരുക്കുകയാണ് ചിത്രം. സലിം കുമാറിനൊപ്പം ഹാസ്യം നന്നേ വഴങ്ങുന്ന കൊച്ചിൻ ഹനീഫയും ഹരിശ്രീ അശോകനുമൊക്കെ കൂടിയായപ്പോൾ ചിത്രം വേറെ തലത്തിലെത്തി എന്നുവേണം പറയാൻ.
വീരസ്യം വിളമ്പുന്ന പേടിത്തൊണ്ടനായ കണ്ണൻ സ്രാങ്ക്
ഇതെന്ത് മറിമായം, എനിക്ക് ഭ്രാന്തായിപ്പോയതാണാ അതാ നാട്ടാർക്ക് മൊത്തം ഭ്രാന്തായ
നീയാരെടാ എന്നോടെതിർക്കാൻ
നമ്മളാരാ മ്യോൻ..
ഒരു കയ്യബദ്ധം.. നാറ്റിക്കരുത്.
വേണ്ടാ..വേണ്ടാ.. തലയിരിക്കുമ്പോ വാലാടണ്ട
സംസാരത്തിലുള്ള സംസ്‌കാരം വിലകൊടുത്താൽ കിട്ടില്ല
ഇതൊക്കെ യെന്ത്..
അയ്യോ ചിരിക്കല്ലേ ചിരിക്കല്ലേ.. ഇത് കഴിച്ചിട്ട് ചിരിച്ചാ പിന്നെ ചിരി നിർത്താൻ പറ്റൂല..