ഹൈദരാബാദ് :മലയാളത്തിന്‍റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍റെ 41-ാം പിറന്നാൾ ദിനമാണിന്ന്. നടനായും സംവിധായകനായും നിർമാതാവായും ഗായകനായും തിളങ്ങുന്ന ഈ ബഹുമുഖ പ്രതിഭയെ ആശംസകൾ കൊണ്ട് പൊതിയുകയാണ് ആരാധകരും സുഹൃത്തുക്കളും. ഈ വേളയിൽ പ്രിയ നടന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ് പ്രധാന വേഷത്തിൽ അണിനിരക്കുന്ന 'സലാർ' എന്ന ചിത്രത്തിന്‍റെ അണിയറക്കാർ (Salaar Team wishes Prithviraj on his birthday).
പൃഥ്വിരാജിന്‍റേതായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സലാർ. പിറന്നാൾ ആശംസകൾക്കൊപ്പം സലാറിലെ താരത്തിന്‍റെ പുതിയ ലുക്കും നിർമാതാക്കൾ പങ്കുവച്ചിട്ടുണ്ട് ( Salaar Team drops Prithviraj's poster). പിറന്നാൾ ആഘോഷങ്ങളുടെ ആവേശത്തിലാണ്ട ആരാധകർക്ക് ഇരട്ടി മധുരമായിരിക്കുകയാണ് പുതിയ പോസ്റ്റർ (Prithviraj's New Look from Salaar).
ആക്ഷൻ - ത്രില്ലർ ചിത്രമായ സലാറിൽ നായകനെ വിറപ്പിക്കുന്ന പ്രതിനായകന്‍റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുക. പ്രഭാസ് ആണ് ഈ ചിത്രത്തിലെ നായകൻ. ഡിസംബർ 22ന് ക്രിസ്‌മസ് റിലീസായി സലാർ പ്രേക്ഷകരിലേക്കെത്തും.
വരധരാജ മന്നാർ എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. 'വരധരാജ മന്നാർ, ദി കിംഗ്' എന്ന് അഭിസംബോധന ചെയ്‌തുകൊണ്ടാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. ഗംഭീരമായ ഒരു ജന്മദിനവും ടീം തങ്ങളുടെ പ്രിയ താരത്തിന് നേർന്നു. സലാറിലെ വരധരാജ മന്നാറുടെ പുത്തൻ ലുക്ക് സമൂഹ മാധ്യമങ്ങളിൽ കൊടുങ്കാറ്റായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
അതേസമയം സലാർ ടീമിന്‍റെ ആശംസകൾക്ക് നന്ദി അറിയിച്ച് പൃഥ്വിരാജ് രംഗത്തെത്തി. 'ഹോംബാലെ ഫിലിംസിനും പ്രശാന്ത് നീലിനും പ്രഭാസിനും സലാറിന്‍റെ മുഴുവൻ ടീമിനും നന്ദി!. ലോകം ഈ ഇതിഹാസം കാണുന്നതുവരെ കാത്തിരിക്കാനാവില്ല!'- താരം കുറിച്ചു. സെപ്റ്റംബർ 22-ന് തിയേറ്ററുകളിൽ കാണാമെന്നും താരം പ്രേക്ഷകരോട് പറഞ്ഞു.