44-ാം ജന്മദിനത്തിന്‍റെ നിറവിലാണ് തെന്നിന്ത്യയുടെ സൂപ്പർ താരം പ്രഭാസ്. പ്രിയ താരത്തിന്‍റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ. ഇതിനിടെ പ്രഭാസിന് പ്രത്യേക സമ്മാനം ഒരുക്കിയിരിക്കുകയാണ് താരം നായകനായെത്തുന്ന 'സലാര്‍' സിനിമയുടെ അണിയറക്കാർ (Salaar Team birthday gift to Prabhas).
പ്രത്യേക ഇമോജി ഒരുക്കിയാണ് 'സലാര്‍' ടീം തങ്ങളുടെ നായകന് ആശംസകൾ നേർന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റർ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. 'അനുകമ്പയില്ലാത്ത, കരുണയില്ലാത്ത രാജാവിന്‍റെ ജനറലിന് ജന്മദിനാശംസകൾ' എന്ന് കുറിച്ചുകൊണ്ടാണ് 'സലാർ' സിനിമയുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് എക്‌സിൽ പ്രഭാസിന് ആശംസകൾ നേർന്നത്.
'സലാറി'ൽ പ്രതിനായക വേഷത്തിലെത്തുന്ന, മലയാളികളുടെ അഭിമാന താരം പൃഥ്വിരാജും പ്രഭാസിന് ആശംസകൾ നേർന്നിട്ടുണ്ട് (Prithviraj's birthday wishes to Prabhas). 'ഈ അവിശ്വസനീയ വ്യക്തിക്ക് ജന്മദിനാശംസകൾ'- എന്നാണ് പൃഥ്വിരാജ് എക്‌സിൽ കുറിച്ചത്. ഒപ്പം താൻ അവതരിപ്പിക്കുന്ന 'വരധരാജ മന്നാറു'ടെ വാക്കുകളും താരം കടമെടുത്തു. "നിങ്ങൾ നിങ്ങളുടെ സൈന്യത്തെ യുദ്ധത്തിന് കൊണ്ടുവന്നു...ഞാൻ അവനെ കൊണ്ടുവന്നു"- വരധരാജ മന്നാർ'. ഡിസംബർ 22 വരെ കാത്തിരിക്കാനാവില്ല എന്നും താരം കുറിച്ചു.
ഡിസംബർ 22നാണ് 'സലാർ' തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുക. ബ്രഹ്മാണ്ഡ ചിത്രങ്ങളായ 'കെജിഎഫ്', 'കെജിഎഫ്-2' ഒരുക്കിയ പ്രശാന്ത് നീൽ ആണ് ഈ ആക്ഷൻ - ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത്. 'കാന്താര', 'കെജിഎഫ്' തുടങ്ങിയ സിനിമകൾക്ക് പിന്നാലെ വിജയ് കിരഗണ്ടൂരിന്‍റെ (Vijay Kiragandur) ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ശ്രുതി ഹാസനാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. തെലുഗുവിന് പുറമെ കന്നഡ, തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പ്രേക്ഷകർക്കരികില്‍ എത്തും.