നിലവിൽ ഇന്ത്യൻ ബോക്‌സ് ഓഫിസ് അടക്കി വാഴുന്ന സിനിമ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 'സലാർ' (Salaar: Part One - Ceasefire). 'കെജിഎഫ്' ഫ്രാഞ്ചൈസി ഒരുക്കിയ ബ്രഹ്മാണ്ഡ സംവിധായകൻ പ്രശാന്ത് നീലിന്‍റെ ഏറ്റവും പുതിയ ചിത്രം 'സലാർ' ചരിത്ര നേട്ടവുമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ 'സലാറി'ന് ഗംഭീര വരവേൽപ്പൊരുക്കിയ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നായകൻ പ്രഭാസ് (Prabhas thanking fans for Salaar box office success).
ആക്ഷൻ ചിത്രം 'സലാർ: പാർട്ട് വൺ സീസ്‌ഫയർ' ഇന്ത്യൻ ബോക്‌സ് ഓഫിസിൽ 300 കോടി രൂപ കടന്ന വേളയിലാണ് താരം ലോകമെമ്പാടുമുള്ള തന്‍റെ ആരാധകർക്കും പ്രേക്ഷകർക്കും ഹൃദയംഗമമായ നന്ദി അറിയിച്ചത്. 'പ്രേക്ഷകർ നൽകിയ അളവറ്റ സ്‌നേഹത്തിലും പിന്തുണയിലും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ബോക്‌സ് ഓഫിസിൽ സലാറിന്‍റെ അതിമനോഹരമായ കുതിപ്പിന് സാക്ഷ്യം വഹിച്ചത് എനിക്കും എന്‍റെ മുഴുവൻ ടീമിനും അവിശ്വസനീയമായ ഒരു പ്രതിഫലം മാത്രമാണ്.
ഈ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും അവരുടെ ഏറ്റവും മികച്ചത് നൽകാൻ പരിശ്രമിച്ചിട്ടുണ്ട്. അത് കാഴ്‌ചക്കാരിൽ ചെലുത്തിയ നല്ല സ്വാധീനം കാണുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.' പ്രഭാസിന്‍റെ വാക്കുകൾ ഇങ്ങനെ.
അതേസമയം ഡിസംബര്‍ 22ന് റിലീസിനെത്തിയ 'സലാർ' ആഗോളതലത്തിൽ ഇതിനോടകം 500 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. 2023ലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് ആയി മാറാനും 'സലാറി'ന് കഴിഞ്ഞിരുന്നു. ആദ്യ ദിനം 90.7 കോടി രൂപയാണ് ചിത്രം കലക്‌ട് ചെയ്‌തത്. 'സലാർ' രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും എല്ലാ ഭാഷകളിലുമായി നേടിയത് ഏകദേശം 57.61 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.