ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ നേട്ടങ്ങളുണ്ടാക്കി തന്ന നായകനാണ് എംഎസ് ധോണി. ക്രിക്കറ്റിന് പുറത്ത് കൃഷിയിലും പല തരത്തിലുള്ള ബിസിനസുകളിലും താരം കൈവച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് സിനിമ നിര്‍മാണം.
ധോണിയും ഭാര്യ സാക്ഷി ധോണിയും (Sakshi Dhoni) ചേര്‍ന്നാണ് സിനിമ നിര്‍മാണ രംഗത്തേക്ക് ചുവടുവച്ചത്. ഇരുവരുവരും ചേന്ന് ആരംഭിച്ച സിനിമ നിർമാണ കമ്പനിയായ ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ (Dhoni Entertainment) ആദ്യ സിനിമ ‘എൽജിഎം’ (ലെറ്റ്സ് ഗെറ്റ് മാരീഡ് LGM - Let's Get Married) ഇന്ന് തിയേറ്ററുകളില്‍ എത്തിരിക്കുകയാണ്.
തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചെന്നൈയിലെ രോഹിണി സിൽവർ സ്‌ക്രീൻ നിറഞ്ഞ സദസിലാണ് ആദ്യ പ്രദര്‍ശനം നടന്നത്. ധോണിയുടെ ഭാര്യ സാക്ഷിയും ആദ്യ ഷോയിൽ പങ്കെടുത്തിരുന്നു. ധോണി മുദ്രാവാക്യങ്ങളുമായി ഏറെ ആവേശത്തിലായിരുന്നു ആരാധകര്‍.
ധോണിയുടെ പരിക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരാഞ്ഞ ആരാധകര്‍ക്ക് താരം സുഖം പ്രാപിച്ച് വരുന്നതായി സാക്ഷി ധോണി മറുപടി നല്‍കി. കാല്‍മുട്ടിനേറ്റ പരിക്കുമായി ആയിരുന്നു ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണ്‍ ധോണി പൂര്‍ത്തിയാക്കിയത്. പിന്നീട് ഈ പരിക്കിന് ശസ്‌ത്രക്രിയയ്‌ക്കും ധോണി വിധേയനായിരുന്നു.
അതേസമയം തിയറ്ററില്‍ ആരാധകര്‍ക്ക് ഒപ്പമുള്ള സാക്ഷി ധോണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹരീഷ് കല്യാൺ (Harish Kalyan), ഇവാന (Ivana) എന്നിവരും സാക്ഷി ധോണിയ്‌ക്ക് ഒപ്പമുണ്ടായിരുന്നു. രമേഷ് തമിഴ്‌മണി സംവിധാനം ചെയ്ത ഒരു റൊമാൻസ്, കോമഡി ചിത്രമാണ് എൽജിഎം.
നദിയ മൊയ്‌തു , യോഗി ബാബു, ആർജെ വിജയ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിശ്വജിത് ഒടുക്കത്തിലാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംവിധായകൻ രമേഷ് തമിൽമണി തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. അതേസമയം ആദ്യ ദിനത്തില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികളില്‍ സാക്ഷിയ്‌ക്കൊപ്പം ധോണിയും സജീവമായിരുന്നു. ധോണിയും തമിഴ് ജനതയും തമ്മിലുള്ള ബന്ധത്തിന്‍റെ ഭാഗമായാണ് ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ ആദ്യ ചിത്രം തമിഴില്‍ എടുത്തതെന്നും സാക്ഷി പറഞ്ഞിരുന്നു. തമിഴ് ജനതയും ധോണിയും തമ്മിലുള്ള ബന്ധത്തിന് ഭാഷ ഒരു തടസമല്ല. ഒരുതരം വികാരമാണത്. തങ്ങളുടെ ജീവിത കാലം മുഴുവൻ ധോണി എന്‍റർടെയിൻമെന്‍റ് കമ്പനി തുടരാൻ ആഗ്രഹിക്കുന്നു. ഈ കമ്പനിയുടെ ജനനം തമിഴ്‌നാട്ടിൽ നിന്നായതില്‍ അതിയായ സന്തോഷമുണ്ട് എന്നുമായിരുന്നു സാക്ഷിയുടെ വാക്കുകള്‍.
ധോണി അഭിനയ രംഗത്തേക്ക്:ഇന്ത്യയുടെ ഇതിഹാസ നായകനെ വൈകാതെ തന്നെ വെള്ളിത്തിരയിലും കാണാന്‍ കഴിയുമെന്ന് 'എൽജിഎം'ന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ സാക്ഷി ധോണി വ്യക്തമാക്കിയിരുന്നു. നിരവധി പരസ്യങ്ങളിൽ 2006 മുതൽ ധോണി അഭിനയിക്കുന്നുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് ക്യാമറയ്‌ക്ക് മുന്നിൽ അഭിനയിക്കാനറിയാം.
ധോണി ഇപ്പോൾ സിനിമ അഭിനയത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം ധോണി എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ നിര്‍മ്മാണത്തില്‍ ധോണി അഭിനയിക്കുന്ന ചിത്രം ഒരു മികച്ച ആക്ഷൻ സിനിമയായിരിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും സാക്ഷി വെളിപ്പെടുത്തിയിരുന്നു.
ALSO READ:WATCH: വിന്‍റേജ് റോൾസ് റോയ്‌സില്‍ വിലസി ധോണി; സോഷ്യല്‍ മീഡിയയില്‍ തീയായി പടര്‍ന്ന് വിഡിയോ