എറണാകുളം :എഴുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്‍റെ നടന വിസ്‌മയം മമ്മൂട്ടി. ദൃശ്യ മാധ്യമരംഗത്ത് എന്തെല്ലാം സംഭവ വികാസങ്ങൾ നടക്കുന്നു?, പ്രതിഭകൾ ആരൊക്കെ? എന്നിങ്ങനെ വസ്‌തുതാപരമായ കാര്യങ്ങളിൽ മമ്മൂക്ക എക്കാലവും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. അതുതന്നെയാണ് നിരവധി മിമിക്രി കലാകാരന്മാർക്ക് സിനിമയിലേക്ക് അവസരം തുറന്നുകിട്ടാൻ കാരണമായതും.
മലയാള മിമിക്രി രംഗത്തുനിന്ന് ചലച്ചിത്ര മേഖലയിലേക്ക് സജീവമായവർക്കെല്ലാം മമ്മൂക്കയെ കുറിച്ച് പറയാൻ നൂറ് നാവാണ്.സാജു നവോദയ(പാഷാണം ഷാജി), തങ്കച്ചൻ വിതുര, നോബി, അസീസ് നെടുമങ്ങാട് എന്നിങ്ങനെ നിരവധി കലാകാരന്മാരെ പല കഥാപാത്രങ്ങള്‍ക്കായി മമ്മൂക്ക സംവിധായകരോട് നിർദേശിച്ചിട്ടുണ്ട്. മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ അത്തരമൊരു ഓർമ പുതുക്കുകയാണ് സാജു നവോദയ (Saju Navodaya About Mammootty).
മമ്മൂക്കയോടൊപ്പം സാജു നവോദയ മുഴുനീള വേഷം കൈകാര്യം ചെയ്‌ത ചിത്രങ്ങളിൽ ഒന്ന് 'ഭാസ്‌കർ ദ റാസ്‌കൽ' ആയിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്‌ത ചിത്രത്തിൽ അദ്ദേഹത്തിന്‍റെ വേഷം പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. പാഷാണം ഷാജിയുടെ കരിയർ ഗ്രാഫിൽ എടുത്തുപറയേണ്ട ചിത്രങ്ങളിലൊന്നാണ് 'ഭാസ്‌കർ ദ റാസ്‌കൽ'. സിനിമയുടെ പ്രമോഷൻ സമയത്ത് പല മാധ്യമങ്ങളോടും പാഷാണം ഷാജി തനിക്ക് ചിത്രത്തിൽ അവസരം തന്നതിന് സംവിധായകനോട് നന്ദി പറയുകയുണ്ടായി.
ഓരോ മാധ്യമത്തിന് മുന്നിലും തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ച സംവിധായകൻ സിദ്ദിഖ് സാറിനോട് കടപ്പെട്ടിരിക്കുന്നു എന്ന് ആവർത്തിച്ചപ്പോൾ ഒരു നിമിഷം മമ്മൂക്ക ഇടപെട്ടു. ''ഭാസ്‌കർ ദ റാസ്‌കൽ' സിനിമയില്‍ ആരാ നിനക്ക് വേഷം തന്നത്?' മമ്മൂക്ക അല്‍പ്പം ദേഷ്യത്തോടെ പാഷാണം ഷാജിയോട് ചോദിച്ചു. സിദ്ദിഖ് എന്ന് കുലീനതയോടെ മറുപടി വന്നു.