സൈജു കുറുപ്പ് (Saiju Kurup) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്' (Pappachan Olivilanu). സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വളരെ രസകരമായ ട്രെയിലറാണ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയത്.
'കാട്ടുപോത്ത് വെടിവയ്‌പ്പ് കേസ് ഒന്നാം പ്രതി പുത്തന്‍ വീട്ടില്‍ പാപ്പച്ചന്‍' എന്ന, കോടതി മുറിയിലെ വാചകത്തോടു കൂടിയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. സൈജു കുറുപ്പാണ് ചിത്രത്തില്‍ പാപ്പച്ചനായി എത്തുന്നത്. സൈജു കുറുപ്പാണ് ഹൈലൈറ്റ് ആകുന്നതെങ്കിലും വിജയരാഘവന്‍, അജു വര്‍ഗീസ് തുടങ്ങി നിരവധി മുഖങ്ങള്‍ ട്രെയിലറില്‍ മിന്നിമറയുന്നു.
മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ സൈജു കുറുപ്പിന്. ഇയാളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ജൂലൈ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
നേരത്തെ ചിത്രത്തിലെ പാട്ട് പുറത്തിറങ്ങിയിരുന്നു. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'പുണ്യ മഹാ സന്നിധേ' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധ നേടിയിരുന്നു. ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഇടംപിടിച്ചിരുന്നു. സിന്‍റോ ആന്‍റണിയുടെ ഗാന രചനയില്‍ ഔസേപ്പച്ചന്‍റെ സംഗീതത്തില്‍ വിജയ ലക്ഷ്‌മിയാണ് ഈ മനോഹര ഗാനം ആലപിച്ചത്. 'പുണ്യ മഹാ സന്നിധേ'യെ കൂടാതെ 'കയ്യെത്തും ദൂരത്ത്' എന്ന പാട്ടും പുറത്തിറങ്ങിയിരുന്നു. ഈ ഗാനവും പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായി.
ശ്രിന്ദയും ദർശനയുമാണ് ചിത്രത്തിലെ നായികമാര്‍. വിജയരാഘവൻ (Vijayaraghavan), അജു വർഗീസ് (Aju Varghese), കോട്ടയം നസീർ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, വീണ നായർ, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. 'പൂക്കാലം' എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. ബികെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
ശ്രീജിത്ത് നായർ - ഛായാഗ്രഹണം, രതിൻ രാധാകൃഷ്‌ണൻ- എഡിറ്റിങ്, കല - വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂംസ് - സുജിത് മട്ടന്നൂർ, മേക്കപ്പ് - മനോജ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, കിരൺ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ - ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രസാദ് നമ്പിയൻക്കാവ്, പിആർഒ - എഎസ് ദിനേശ്.
അതേസമയം സൈജു കുറിപ്പിന്‍റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം 'ജാനകി ജാനേ' ഒടിടിയില്‍ എത്തിയിട്ടുണ്ട്. മെയ് 12ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജൂലൈ 11 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ സ്‌ട്രീമിങ് ആരംഭിച്ചിരുന്നു. നവ്യ നായര്‍ ആണ് 'ജാനകി ജാനേ'യില്‍ സൈജു കുറുപ്പിന്‍റെ നായികയായി എത്തിയത്. അനീഷ് ഉപാസന രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് സൈജു കുറുപ്പും നവ്യയും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
Also Read:'പാപ്പച്ചന്‍ ഒളിവിലാ'ണ് ഉടനെത്തും ; ട്രെന്‍ഡായി പള്ളിപ്പെരുന്നാള്‍ പാട്ടും