കാസര്‍കോടിന്‍റെ പശ്ചാത്തലത്തില്‍ നൗഷാദ് സഫ്രോണ്‍ സംവിധാനം ചെയ്‌ത 'പൊറാട്ട് നാടകം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടി മഞ്ജു വാര്യരാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് ഫേസ്‌ബുക്ക് ഹാൻഡിലിലൂടെ റിലീസ് ചെയ്‌തത്. സൈജു കുറുപ്പാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് (Porattu Nadakam Starring Saiju Kurup first look poster out).
കാസർകോട് ജില്ലയിലെ നീലേശ്വരം പളളിക്കര, എരിക്കുളം, കാഞ്ഞിരപ്പൊയില്‍, വെള്ളൂട, എണ്ണപ്പാറ എന്നീ സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. അന്തരിച്ച സംവിധായകൻ സിദ്ദിഖിന്‍റെ കൂടി മേല്‍നോട്ടത്തിലാണ് സിനിമ പൂർത്തീകരിച്ചത്. തന്‍റെ ശിഷ്യന്‍ കൂടിയായ നൗഷാദ് സഫ്രോണിന്‍റെ 'പൊറാട്ട് നാടകം' എന്ന സിനിമയുടെ ചിത്രീകരണത്തിലുടനീളം ഊർജമായി സിദ്ദിഖ് ഒപ്പം ഉണ്ടായിരുന്നു.
ഈ വർഷം മാര്‍ച്ച് അഞ്ചിന് കാഞ്ഞങ്ങാട് വെച്ച് നടന്ന ഓഡിഷനില്‍ സിദ്ദിഖ് ആയിരുന്നു അഭിനേതാക്കളെ തെരഞ്ഞെടുത്തതും. പിന്നീട് പാലക്കുന്ന് ക്ഷേത്രത്തില്‍ സിനിമയുടെ പൂജയ്‌ക്കും ഷൂട്ടിംഗിന്‍റെ ആദ്യ ദിവസങ്ങളിലും സിദ്ദിഖ് സെറ്റില്‍ ഉണ്ടായിരുന്നു. തന്‍റെ സിനിമകള്‍ പോലെ തിയേറ്ററുകളില്‍ ചിരി നിറയ്‌ക്കുന്ന സിനിമയായിരിക്കും 'പൊറാട്ട് നാടകം' എന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടിരുന്നു.
പ്രിയ ഗുരുനാഥന് പ്രണാമം അർപ്പിച്ചുകൊണ്ടാണ് സംവിധായകൻ നൗഷാദ് നേരത്തെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ധർമ്മജൻ ബോൾഗാട്ടിയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകർക്ക് ക്രിസ്‌മസ് ആശംസകൾ നേർന്നുകൊണ്ട് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സൈജു കുറുപ്പും ധർമ്മജനുമാണുള്ളത്. ഇവർക്കൊപ്പം പോസ്റ്ററിൽ ഒരു പശുവിനെയും കാണാം.