കേരളം

kerala

By

Published : Jun 18, 2023, 11:30 AM IST

ETV Bharat / entertainment

അവിരാമം സച്ചി ; കഥകൾ അവശേഷിപ്പിച്ച് മടങ്ങിയിട്ട് മൂന്നാണ്ട്

ജനപ്രിയ സിനിമയുടെ സൂത്രവാക്യം ഫലവത്താക്കിയ ക്രാഫ്‌റ്റ്മാന്‍ വിടവാങ്ങിയിട്ട് മൂന്നാണ്ട്

sitara  Sachys Remembrance Day  remeberiing director screenwriter sachy  remebering sachy  director screenwriter sachy  KR Sachidanandan  സച്ചി  കെ ആര്‍ സച്ചിദാനന്ദന്‍  കെ ആര്‍ സച്ചിദാനന്ദന്‍ ഓർമദിനം  സച്ചി ഓർമദിനം  സച്ചിയെ ഓർക്കുന്നു  സംവിധായകൻ സച്ചി  late sachy
അവിരാമം സച്ചി...;പറഞ്ഞുതീരാത്ത കഥകൾ അവശേഷിപ്പിച്ച് സച്ചി മടങ്ങിയിട്ട് മൂന്നാണ്ട്

'കഥാന്ത്യത്തില്‍ കലങ്ങിത്തെളിയണം

നായകന്‍ വില്ലൊടിക്കണം

കണ്ണീരുനീങ്ങി കളിചിരിയിലാവണം ശുഭം

കയ്യടി പുറകേ വരണം

എന്തിനാണ് ഹേ ഒരു ചോദ്യമോ ദുഖമോ ബാക്കിവയ്ക്കുന്നത്

തിരശ്ശീലയില്‍ നമുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി' - കെ ആര്‍ സച്ചിദാനന്ദന്‍ ഒരിക്കല്‍ പറഞ്ഞു.

ആരായിരുന്നു നമുക്ക് കെ ആര്‍ സച്ചിദാനന്ദന്‍ ? പറയാന്‍ ഇനിയുമെത്രയോ കഥകൾ ബാക്കിയാക്കി മടങ്ങിയ സച്ചി. കലാമൂല്യമുള്ള സിനിമകൾ പ്രേക്ഷകന് നല്‍കാൻ ഏറെ കൊതിച്ച സിനിമാക്കാരൻ. ജനപ്രിയ സിനിമയുടെ സൂത്രവാക്യം മനസില്‍ സൂക്ഷിച്ച ക്രാഫ്‌റ്റ്മാന്‍. വിജയങ്ങളിലേക്ക്, സ്വപ്‌നങ്ങളിലേക്ക് പതിയെ നടന്നുകയറവെ കാല്‍വഴുതി വീണ സച്ചി ഇന്നും മലയാളികളില്‍ കണ്ണീര്‍നനവോര്‍മയാണ്.

മുഖ്യധാരാ സിനിമയിലെത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സച്ചി തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതുവരെ സ്വപ്‌നമായി കണ്ടിരുന്ന സമാന്തര സിനിമയെ ഉപേക്ഷിക്കേണ്ടി വരുമെന്ന് പിന്നീട് മനസിലാക്കുകയായിരുന്നു അദ്ദേഹം. പണം മുടക്കുന്നവന് അത് തിരിച്ചുകിട്ടണമെന്നും ആരാന്‍റെ പണം ഉപയോഗിച്ച് തന്‍റെ സങ്കല്‍പ്പത്തിലെ സിനിമകള്‍ ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും മലയാള സിനിമയില്‍ ഹിറ്റുകള്‍ സമ്മാനിച്ച സച്ചി ഒരുവേള പറഞ്ഞുവച്ചു. കൊമേഴ്‌സ്യല്‍ സിനിമകളുടെ കൂട്ട് തേടിയപ്പോഴും അദ്ദേഹം കലാമൂല്യം ഉറപ്പുവരുത്തി.

ഒടുവിലായി 'അയ്യപ്പനും കോശിയും' എന്ന ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചാണ് സച്ചി വിടവാങ്ങിയത്. പിന്നീട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകന്‍, മികച്ച സഹനടന്‍, മികച്ച സംഘട്ടനം, മികച്ച ഗായിക, എന്നീ അവാര്‍ഡുകള്‍ സ്വന്തമാക്കിയത് 'അയ്യപ്പനും കോശിയും' ആയിരുന്നു. എന്നാല്‍ ആ സന്തോഷം പങ്കിടാന്‍ സച്ചിയില്ലാതെ പോയി. സച്ചി ഇല്ലാത്ത മൂന്ന് വർഷങ്ങളാണ് കടന്നുപോയത്, സച്ചിയുടെ സിനിമകൾ ഇല്ലാത്ത, കഥകൾ ഇല്ലാത്ത മൂന്നാണ്ടുകള്‍.

തൃശൂരിലെ കൊടുങ്ങല്ലൂരിലായിരുന്നു ജനനം. മാല്യങ്കര എസ്എന്‍എം കോളജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദവും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും സ്വന്തമാക്കിയ സച്ചി എട്ട് വര്‍ഷം അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്‌ത ശേഷമാണ് സിനിമാലോകത്തേക്ക് എത്തുന്നത്. എന്നാല്‍ സിനിമയുടെ പകിട്ടിലോ അത് തരുന്ന ആഡംബരങ്ങളിലോ ആയിരുന്നില്ല, മറിച്ച് സമാന്തര സിനിമയുടെ വശ്യമായ സൗന്ദര്യമാണ് സച്ചിയെ എന്നും മത്ത് പിടിപ്പിച്ചിരുന്നത്.

കോളജ് പഠനകാലം മുതല്‍ തന്നെ ഫിലിം സൊസൈറ്റിയിലും നാടക പ്രവര്‍ത്തനത്തിലും സച്ചി സജീവമായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച്, കലാമൂല്യമുള്ള സിനിമകൾക്കൊപ്പം പ്രവർത്തിക്കാനായിരുന്നു സച്ചി ആഗ്രഹിച്ചത്. എന്നാല്‍ അച്ഛന്‍ മരിച്ചതിനാല്‍ ചേട്ടന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ബാങ്കിംഗ് ജോലിക്കായി ശ്രമം തുടങ്ങി.

സിനിമ എന്നത് അസ്ഥിരതയുള്ള തൊഴില്‍ മേഖലയാണെന്ന ചേട്ടന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് ബാങ്കിംഗ് ജോലിക്കായി പഠനമാരംഭിച്ചത്. സിനിമ കള്ളും കഞ്ചാവുമാണെന്ന് ധരിച്ചിരുന്ന ചേട്ടന്‍ അനിയന്‍ വഴി തെറ്റാതിരിക്കാന്‍ മറ്റൊരു മേഖലയിലേക്ക് വഴിതിരിച്ച് വിട്ടതായിരുന്നുവെന്ന് സച്ചി തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞതും നമ്മൾ കേട്ടു.

ഒരു ക്ലാപ് ബോർഡിനപ്പുറം സിനിമ എന്ന സ്വപ്‌നം സച്ചിയെ വിടാതെ പിന്തുടർന്നു. എല്‍എല്‍ബി പഠനശേഷം ഹൈക്കോടതിയില്‍ പ്രാക്‌ടീസ് തുടങ്ങിയ സച്ചി അവസാനം സിനിമയിലേക്ക് തന്നെ ചേക്കേറി. വക്കീല്‍ ഓഫിസ് മാറുന്നതിനായുള്ള ശ്രമമാണ് സേതുവുമായുള്ള അടുപ്പത്തില്‍ എത്തിച്ചത്. ഹൈക്കോടതിയിലെ അഭിഭാഷക കാലത്ത് പരിചയപ്പെട്ട സേതുനാഥും സച്ചിദാനന്ദനും സിനിമയില്‍ അങ്ങനെ 'സച്ചി സേതു' കൂട്ടുകെട്ടായി.

ജോലിക്കിടയിലെ വൈകുന്നേരങ്ങളില്‍ ഉടലെടുക്കുന്ന ഇരുവരുടെയും ചര്‍ച്ചകൾ സിനിമയും തിരക്കഥയുമായി ചുറ്റിപ്പറ്റിയായിരുന്നു. ഒടുവില്‍ സച്ചിയും സേതുവും തിരക്കഥയെഴുതി സച്ചിയുടെ സംവിധാനത്തില്‍ 'റോബിന്‍ ഹുഡ്' എന്ന സിനിമ ആലോചിച്ചു. അരുണ്‍, അതുല്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് കേന്ദ്രകഥാപാത്രങ്ങളായി കണ്ടത്. പക്ഷേ സിനിമ നടന്നില്ല.

പിന്നീട് എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം വഴി ഇവർ ജോഷിക്ക് മുന്നിലെത്തി. ആദ്യമായി സംവിധാനം ചെയ്യാന്‍ സച്ചി ആഗ്രഹിച്ച കഥ ജോഷിയെ കേൾപ്പിച്ചു. പൃഥ്വിരാജിനെ നായകനാക്കി 'റോബിന്‍ ഹുഡ്' ആലോചിക്കാമെന്ന് ജോഷി സച്ചിയെയും സേതുവിനെയും അറിയിച്ചു. ആ ഇടവേളയിലാണ് ഇരുവരും ചേര്‍ന്ന് ഷാഫിക്ക് വേണ്ടി 'ചോക്ലേറ്റ്' എന്ന തിരക്കഥ എഴുതിയത്.

കൊമേഴ്‌സ്യല്‍ സിനിമകളിലെ പതിവ് രീതികളെ ഒരർഥത്തില്‍ പൊളിച്ചെഴുതുകയായിരുന്നു സച്ചിയും സേതുവും. ചട്ടക്കൂടുകൾക്കപ്പുറത്ത് നിന്ന് അവർ സിനിമകൾ വിരിയിച്ചു. 'ചോക്ലേറ്റി'ന് പിന്നാലെ 'റോബിന്‍ ഹുഡും മേക്കപ്പ് മാനും സീനിയേഴ്‌സും' ഒന്നിന് പുറകെ ഒന്നായി വന്നു. അപ്പോഴേക്കും സച്ചി- സേതു കൂട്ടുകെട്ട് സിനിമാസ്വാദകർക്ക് പരിചിതമായിക്കഴിഞ്ഞു.

സോഹന്‍ സീനുലാലിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിയും നദിയ മൊയ്തുവും ഇരട്ടകളായി എത്തിയ 'ഡബിള്‍സി'ന് ശേഷമാണ് ഈ കൂട്ടുകെട്ട് പിരിയാന്‍ തീരുമാനിച്ചത്. ജോഷി ചിത്രമായ 'റണ്‍ ബേബി റണ്ണിന് തിരക്കഥ എഴുതിക്കൊണ്ട് സച്ചി സ്വതന്ത്ര തിരക്കഥാകൃത്ത് ആയി. 2012 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലും അമല പോളുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

സ്വാഭാവികമായും സച്ചി തിരക്കഥ എഴുതുന്ന അടുത്ത ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ ബിജു മേനോൻ നായകനായ 'ചേട്ടായീസി'ന് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 'ചേട്ടായീസി'ന് പിന്നിലെ സച്ചി തിരക്കഥ എഴുതിയ 'ഷെര്‍ലക് ടോംസും' ബോക്‌സ്‌ ഓഫിസില്‍ തകർന്നടിഞ്ഞു. പിന്നീട് നവാഗതനായ അരുണ്‍ ഗോപിക്കായി എഴുതിയ 'രാമലീല'യാണ് സച്ചിയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

നേരത്തെ 'സൂര്യതേജസ്സോടെ അമ്മ' എന്ന സ്‌റ്റേജ് ഷോയുടെ രചനയിലും സംഘാടനത്തിലും സച്ചി സജീവമായിരുന്നു. അപ്പോഴും ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം സച്ചിയില്‍ എരിഞ്ഞുകൊണ്ടേയിരുന്നു. അധികം കാത്തിരിക്കാതെ 2015ല്‍ അതും സംഭവിച്ചു. അനാര്‍ക്കലി. സച്ചിയിലെ സംവിധായകനെ അടയാളപ്പെടുത്തിയ സിനിമ.

ലാല്‍ ആണ് സംവിധാനത്തിന് സച്ചിക്ക് ആദ്യ അഡ്വാന്‍സ് നല്‍കിയത്. അങ്ങനെ ലക്ഷദ്വീപ് പശ്ചാത്തലമായി 'അനാര്‍ക്കലി' എന്ന ചിത്രം പിറവികൊണ്ടു. 'എന്ന് നിന്‍റെ മൊയ്തീന്‍' തരംഗമായ സമയത്താണ് 'അനാര്‍ക്കലി' റിലീസാകുന്നത്. രണ്ട് സിനിമകളിലെയും പ്രമേയത്തിന്‍റെ സാമ്യം വെല്ലുവിളിയാകുമെന്ന് ചിലർ നെറ്റി ചുളിച്ചെങ്കിലും മൊയ്തീന് ശേഷമുള്ള പൃഥ്വിരാജിന്‍റെ സൂപ്പര്‍ഹിറ്റായി 'അനാര്‍ക്കലി' മാറി. മലയാളികൾക്ക് സുപരിചിതമായിരുന്നില്ല ആ പ്രണയ കഥ. ഒന്നിച്ചിരുന്ന് മാത്രമല്ല അകലങ്ങളിലും പ്രണയം ചോരാതെ കൂട്ടിപ്പിടിക്കാമെന്ന് 'അനാർക്കലി' ഓര്‍മിപ്പിച്ചു.

അഞ്ച് വര്‍ഷത്തിന് ശേഷമാണ് സച്ചിയുടെ സംവിധാനത്തില്‍ അടുത്ത സിനിമ പുറത്ത് വരുന്നത്. ഇതിനിടെയാണ് 'രാമലീല' സംഭവിക്കുന്നത്. 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന സിനിമയുടെ തിരക്കഥയും, 'ഷെര്‍ലക് ടോംസ്' എന്ന സിനിമയുടെ സംഭാഷണവും സച്ചി ഇക്കാലയളവിലാണ് ഒരുക്കിയത്.

ജനപ്രിയ സിനിമയുടെ സൂത്രവാക്യം ഹൃദിസ്ഥമാക്കിയ ചലച്ചിത്രകാരന്‍റെ 'അയ്യപ്പനും കോശിയും' പ്രേക്ഷകർ നെഞ്ചേറ്റി. സച്ചിയെന്ന സംവിധായകന്‍റെ പേരിലാണ് 'അയ്യപ്പനും കോശിയും' ഇന്നും നാം ഓർക്കുന്നത്. കച്ചവടവും കലയും ഒരുമിച്ച സിനിമ അനുഭവം സച്ചി കാണികൾക്ക് സമ്മാനിച്ചു.

സച്ചിയില്‍ നിന്ന് ഇനിയുമേറെ സിനിമകൾ കാണികൾ കൊതിച്ചു. സച്ചിയുടേതായി ഇനിയും ഒരുപാട് ഗംഭീര സിനിമകള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് സുഹൃത്തുക്കളും ആവര്‍ത്തിച്ചുപറഞ്ഞു. എന്നാല്‍ എല്ലാം വിഫലമാക്കിക്കൊണ്ടാണ് സച്ചി 48-ാം വയസില്‍ പൊടുന്നനെ മറഞ്ഞത്.

ABOUT THE AUTHOR

...view details