കേരളം

kerala

ETV Bharat / entertainment

Happy Birthday S S Rajamouli: ബ്രഹ്മാണ്ഡ ഹിറ്റുകളുടെ രാജകുമാരന് ഇന്ന് പിറന്നാള്‍; കണ്ടിരിക്കേണ്ട രാജമൗലി ബ്രില്ല്യന്‍സുകള്‍ ഇവയൊക്കെ - പ്രഭാസ്

മഗധീര, ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ എസ് എസ് രാജമൗലിക്ക് ഇന്ന് പിറന്നാള്‍. കരിയറില്‍ തൊട്ടതെല്ലാം പൊന്നാക്കിയ രാജമൗലിയുടെ കണ്ടിരിക്കേണ്ട സിനിമകള്‍ ഇവയൊക്കെ

Happy Birthday SS Rajamouli  S S Rajamouli  Bhubali  RRR  Magadheera  മഗധീര  ബാഹുബലി  ആര്‍ആര്‍ആര്‍  കൊടുരി ശ്രീസൈല ശ്രീ രാജമൗലി  എസ് എസ് രാജമൗലി  Ram Charan Teja  Prabhas  Junior NTR  Samantha Ruth Prabhu  Nani  Kicha Sudeep  Alia Bhatt  രാം ചരണ്‍ തേജ  കാജല്‍ അഗര്‍വാള്‍  പ്രഭാസ്  ജൂനിയര്‍ എന്‍ ടി ആര്‍
Happy Birthday S S Rajamouli: ബ്രഹ്മാണ്ഡ ഹിറ്റുകളുടെ രാജകുമാരന് ഇന്ന് പിറന്നാള്‍; കണ്ടിരിക്കേണ്ട രാജമൗലി ബ്രില്ല്യന്‍സുകള്‍ ഇവയൊക്കെ

By

Published : Oct 10, 2022, 3:20 PM IST

ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകന് ഇന്ന് 49-ാം പിറന്നാള്‍. വ്യത്യസ്‌തമായ അവതരണ ശൈലികൊണ്ട് സിനിമ പ്രേമികളുടെ മനസില്‍ ഇടം പിടിച്ച സംവിധായക പ്രതിഭയാണ് കൊടുരി ശ്രീസൈല ശ്രീ രാജമൗലി എന്ന എസ് എസ് രാജമൗലി. ശക്തമായ നിരവധി കഥാപാത്രങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആക്ഷന്‍ സീക്വന്‍സുകളും രാജമൗലി സിനിമകളുടെ പ്രത്യേകതകളാണ്.

തന്‍റെ സിനിമകളില്‍ ചെറിയ പാളിച്ചകള്‍ പോലും ഇല്ലാതെ മികച്ചതാകണമെന്ന നിര്‍ബന്ധം ഉള്ളതുകൊണ്ട് സിനിമ നിരൂപകര്‍ക്കിടയില്‍ രാജമൗലിക്ക് പെര്‍ഫക്ഷനിസ്റ്റ് എന്നൊരു ഓമനപ്പേര് കൂടിയുണ്ട്. ആദ്യ ചിത്രമായ സ്റ്റുഡന്‍റ് നമ്പര്‍ 1 മുതല്‍ അടുത്തിടെ ബോക്‌സോഫിസ് തകര്‍ത്തു വാരിയ ആര്‍ആര്‍ആര്‍ വരെ തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയാണ് അദ്ദേഹം. കരിയറില്‍ ഒരു ഫ്ലോപ്പ് സിനിമ പോലും തന്‍റെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചിട്ടില്ലാത്ത രാജമൗലിയുടെ കണ്ടിരിക്കേണ്ട ചില സിനിമകള്‍ പരിചയപ്പെടാം.

മഗധീര

മഗധീര: എസ് എസ് രാജമൗലി എന്ന പ്രതിഭയുടെ സംവിധാന മികവില്‍ പിറന്ന മനോഹരമായ ഒരു ചരിത്രാധിഷ്‌ഠിത സിനിമയാണ് 2009ല്‍ പുറത്തിറങ്ങിയ മഗധീര. അല്ലു അരവിന്ദ് നിര്‍മിച്ച ചിത്രത്തില്‍ രാം ചരണ്‍ തേജയും കാജല്‍ അഗര്‍വാളും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പുനര്‍ജന്മ വിശ്വാസത്തില്‍ അധിഷ്‌ഠിതമായ കഥാപശ്ചാത്തലമാണ് ചിത്രത്തിന്‍റേത്. 1604ല്‍ വധിക്കപ്പെട്ട ഉദയഗഡിലെ മിത്രവിന്ദ ദേവി രാജകുമാരിയും സേനനായകനായ കാലഭൈരവനും 400 വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍ജനിക്കുകയും ഇരുവരുടെയും പ്രണയം ഇന്ദുവിലൂടെയും ഹര്‍ഷനിലൂടെയും സഫലമാകുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. 40 കോടി ബജറ്റില്‍ നിര്‍മിക്കപ്പെട്ട മഗധീര 150 കോടിയോളമാണ് സമാഹരിച്ചത്. ധീര ദി വാരിയര്‍ എന്ന പേരില്‍ ചിത്രം കേരളത്തിലും പ്രദര്‍ശനത്തിന് എത്തി.

ഈഗ

ഈഗ: ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു 2012ല്‍ പുറത്തിറങ്ങിയ ഈഗ. ഫാന്‍റസി ആക്ഷന്‍ വിഭാഗത്തില്‍ ഇറങ്ങിയ ചിത്രം രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. കൂടാതെ നാനി, കിച്ച സുദീപ്, സമാന്ത റുത്ത് പ്രഭു എന്നിവരെ ഏറെ പ്രശസ്‌തരാക്കിയ ചിത്രം കൂടിയായിരുന്നു രാജമൗലിയുടെ ഈഗ. തികച്ചും മിഥ്യയായ ഒരു കഥയെ യഥാര്‍ഥത്തില്‍ നടക്കുന്നതു പോലെ പ്രേക്ഷകര്‍ക്ക് തോന്നിപ്പിച്ചതാണ് ഈഗ സിനിമയിലെ രാജമൗലി ബ്രില്ല്യന്‍സ്. ചിത്രത്തിന്‍റെ തിരക്കഥയും രാജമൗലിയുടേത് തന്നെ. നാനിയുടെയും ബിന്ദുവിന്‍റെയും പ്രണയത്തിനിടയിലേക്ക് കയറിവരുന്ന സുദീപ് ബിന്ദുവിനെ സ്വന്തമാക്കാനായി നാനിയെ കൊല്ലുന്നു. കൊല്ലപ്പെട്ട നാനിയുടെ ആത്‌മാവ് ഈച്ചയില്‍ പ്രവേശിക്കുകയും സുദീപിനോട് പ്രതികാരം വീട്ടുകയും ചെയ്യുന്നതാണ് സിനിമയുടെ കഥ.

ബാഹുബലി

ബാഹുബലി സീരീസ്: രാജമൗലി ബ്രില്ല്യന്‍സ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് 2015ല്‍ പുറത്തിറങ്ങിയ ബാഹുബലി ദി ബിഗിനിങ്. പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ, രമ്യ കൃഷ്‌ണന്‍, നാസര്‍, സത്യരാജ് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഇതിഹാസ സിനിമ മലയാളം ഉള്‍പ്പെടെ ആറു ഭാഷകളില്‍ മൊഴിമാറ്റം നടത്തി പ്രദര്‍ശനത്തിന് എത്തി. സാങ്കല്‍പ്പിക രാജ്യമായ മഹിഷ്‌മതിയും അധികാര മോഹത്തില്‍ മഹിഷ്‌മതിയില്‍ നടക്കുന്ന സംഭവവികാസങ്ങളുമാണ് ബാഹുബലിയുടെ ഇതിവൃത്തം. പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ച ബാഹുബലി അവസാന കലക്ഷനായി നേടിയത് 650 കോടി രൂപയാണ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ബാഹുബലി ദി കണ്‍ക്ലൂഷന്‍ എന്ന പേരില്‍ 2017 ല്‍ പ്രദര്‍ശനത്തിനെത്തി.

ആര്‍ആര്‍ആര്‍

ആര്‍ആര്‍ആര്‍: തെന്നിന്ത്യന്‍ സിനിമ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന രാജമൗലി ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. രൗദ്രം രണം രുധിരം എന്നാണ് രാജമൗലിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ മുഴുവന്‍ പേര്. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ, ആലിയ ഭട്ട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1920കളിലെ സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിച്ചേര്‍ത്തായിരുന്നു സിനിമ ഒരുക്കിയത്. ഈവര്‍ഷം പ്രദര്‍ശനത്തിനെത്തിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. 400 കോടി ബജറ്റില്‍ ഇറങ്ങിയ ആര്‍ആര്‍ആര്‍ തെലുഗിനു പുറമെ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ട്.

ABOUT THE AUTHOR

...view details