മലയാളി സിനിമാസ്വാദകർക്ക് ഒരുപിടി മികച്ച ചലച്ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡിലേക്ക്. സംവിധായകനായുള്ള തന്‍റെ ബോളിവുഡ് അരങ്ങേറ്റം റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.
ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തന്‍റെ ബോളിവുഡ് അരങ്ങേറ്റമായി റോഷന്‍ ഒരുക്കുക. ഷാഹിദ് കപൂര്‍ ചിത്രത്തില്‍ നായകനാകും. സീ സ്റ്റുഡിയോയും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഈ വർഷം രണ്ടാം പകുതിയിൽ സിനിമാ ചിത്രീകരണം ആരംഭിക്കുമെന്നും അടുത്ത വർഷം റിലീസ് ചെയ്യുമെന്നും നിർമാതാക്കൾ പ്രസ്‌താവനയിൽ അറിയിച്ചു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. ചിത്രത്തില്‍ സുപ്രധാനമായ ഒരു കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് കപൂര്‍ എത്തുക.
ആക്ഷനും ത്രില്ലും ഡ്രാമയും സസ്‌പെൻസും നിറഞ്ഞ ഇത്തരമൊരു സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞതില്‍ താൻ ആവേശഭരിതനാണെന്ന് താരം പറഞ്ഞു. "സീ സ്റ്റുഡിയോയുമായും സിദ്ധാർഥ് റോയ് കപൂറുമായും സഹകരിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. മുമ്പ് അവരോടൊപ്പം ഹൈദർ, കാമിനി എന്നീ ചിത്രങ്ങളില്‍ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്" - ഷാഹിദ് പറഞ്ഞു.
റോഷൻ ആൻഡ്രൂസിന്‍റെ മലയാളം ഫിലിമോഗ്രഫി ഗംഭീരമാണെന്നും സിനിമയുടെ ഭാഗമായി ഒരുപാട് മാസങ്ങൾ ഒരുമിച്ച് ചെലവഴിക്കാന്‍ സാധിച്ചെന്നും താരം പറഞ്ഞു. ''ഇത്രയും മികച്ച സിനിമാറ്റിക് ചിന്താഗതിയുള്ള ആൾക്കൊപ്പം പ്രവർത്തിക്കാന്‍ കഴിയുന്നത് സന്തോഷകരമാണ്. ആവേശകരവും വിനോദം നിറഞ്ഞതുമായ ഈ കഥ ജനങ്ങളിലേക്ക് എത്തിക്കുവാനായി അധികം കാത്തിരിക്കാനാവില്ല" - 42 കാരനായ താരം വ്യക്തമാക്കി.
അതേസമയം ഈ സിനിമ തന്‍റെ ബോളിവുഡ് അരങ്ങേറ്റം കുറിക്കുമെന്ന് പറഞ്ഞ റോഷന്‍ ആൻഡ്രൂസ് മികച്ച പ്രൊഫഷണലുകളുടെ ടീമുമായി സഹകരിക്കാൻ കഴിഞ്ഞതിലെ ആവേശവും പ്രേക്ഷകരുമായി പങ്കുവച്ചു. "ഷാഹിദിന്‍റെ അസാധാരണമായ അഭിനയം, നിർമാതാവ് എന്ന നിലയിൽ സിദ്ധാർഥ് റോയ് കപൂറിന്‍റെ വൈദഗ്‌ധ്യം, സീ സ്റ്റുഡിയോയുടെ പ്രതിബദ്ധത എന്നിവയെല്ലാം ശരിക്കും പ്രചോദനകരമാണ്.
ഈ സിനിമയോടുള്ള അവരുടെ അഭിനിവേശവും അർപ്പണബോധവും കഥയ്‌ക്ക് ജീവൻ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു" - അദ്ദേഹം പറഞ്ഞു. ഒരു സംവിധായകനെന്ന നിലയിൽ, പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന സിനിമാറ്റിക് അനുഭവം സൃഷ്‌ടിക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച, പ്രേക്ഷകരെ അതിശയിപ്പിക്കുന്ന ഒരു സിനിമയ്‌ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടെന്ന് റോയ് കപൂർ ഫിലിംസിന്‍റെ സ്ഥാപകൻ സിദ്ധാർഥ് റോയ് കപൂറും പ്രതികരിച്ചു.
അതേസമയം 'ഉദയനാണ് താരം' ആണ് റോഷന്‍റെ ആദ്യ ചിത്രം. 'മുംബൈ പൊലീസ്, നോട്ട് ബുക്ക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓള്‍ഡ് ആര്‍ യു' തുടങ്ങി ഓരോ സിനിമയിലൂടെയും പ്രേക്ഷകമനം കീഴടക്കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. 'സാറ്റര്‍ഡേ നൈറ്റാ'ണ് റോഷന്‍റേതായി മലയാളത്തില്‍ അവസാനം ഇറങ്ങിയ ചിത്രം. കഴിഞ്ഞ 17 വര്‍ഷമായി വ്യത്യസ്‌തങ്ങളായ സിനിമകള്‍ മലയാളത്തില്‍ ഒരുക്കിയ സംവിധായകന്‍റെ ബോളിവുഡ് പ്രവേശനവും ഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകർ.