മലയാള സിനിമയില്‍ ചുരുങ്ങിയ കാലംകൊണ്ട് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ച അഭിനേതാവാണ് റോഷൻ മാത്യു (Roshan Mathew). നായകനോ പ്രതിനായകനോ സ്വഭാവനടനോ എന്ന വേർതിരിവില്ലാതെ ഏത് കഥാപാത്രവും തന്‍റെ സ്വതസിദ്ധമായ അഭിനയപാടവത്താല്‍ ഗംഭീരമാക്കുന്ന നടന് ആരാധകരും ഏറെയാണ്. മലയാളത്തില്‍ മാത്രമല്ല അങ്ങ് ബോളിവുഡിലേക്കും റോഷൻ മാത്യുവിലെ നടൻ വളർന്നിരിക്കുകയാണ്.
തന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിനായി കോപ്പുകൂട്ടുകയാണ് താരമിപ്പോൾ. ബോളിവുഡ് സുന്ദരി ജാൻവി കപൂറിനൊപ്പം (Janhvi Kapoor) നായക വേഷത്തിലാണ് റോഷൻ മാത്യു എത്തുന്നത്. 'ഉലജ്' (Ulajh) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗുൽഷൻ ദേവയ്യയും (Gulshan Devaiah) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദേശീയ അവാർഡ് ജേതാവ് സുധാൻസു സരിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പർവീസ് ഷെയ്ഖിനൊപ്പം സുദാൻസു സരിയയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. അതിക ചോഹൻ ആണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ജംഗ്‌ലി പിക്ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തില്‍ രാജേഷ് ടൈലങ്, സച്ചിൻ ഖഡേക്കർ, രാജേന്ദ്ര ഗുപ്‌ത, ജിതേന്ദ്ര ജോഷി എന്നിവരും അണിനിരക്കുന്നു.
ഇന്‍റർനാഷണൽ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് 'ഉലജ്' എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങളില്‍ അതീവ ഗൗരവത്തിലാണ് താരങ്ങളെ കാണാനാവുക. ഏതായാലും കാണികളെ ആകാംക്ഷയുടെ മുൾമുനയില്‍ നിർത്തുന്ന ത്രില്ലർ അനുഭവമാകും ചിത്രം സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദർ.
സിനിമയുടെ ചിത്രീകരണം ലണ്ടനില്‍ (London) ആരംഭിച്ചു കഴിഞ്ഞു. റോഷൻ മാത്യു, ജാൻവി കപൂർ, ഗുൽഷൻ ദേവയ്യ തുടങ്ങിയവരെല്ലാം ഷൂട്ടിങിനായി ലണ്ടനില്‍ എത്തിയിട്ടുണ്ട്. ചിത്രീകരണ വിശേഷങ്ങൾ നായിക ജാൻവി കപൂർ ഞായറാഴ്‌ച (ജൂൺ 18) ആരാധകരുമായി പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സിനിമയുടെ അപ്‌ഡേറ്റ് പങ്കിട്ടത്. പോസ്റ്റില്‍ സിനിമയുടെ ക്ലാപ്പ്ബോർഡിനൊപ്പം ജാൻവി പോസ് ചെയ്യുന്നതും കാണാം.
ഇന്ത്യൻ ഫോറിൻ സർവ്വീസസിലെ (Indian Foreign Services) യുവ ഉദ്യോഗസ്ഥയുടെ വേഷമാണ് 'ഉലജി'ല്‍ ജാൻവി കപൂർ അവതരിപ്പിക്കുന്നത്. തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്ന സംഭവബഹുലമായ അനുഭവങ്ങളും കരിയർ തന്നെ പുനർ നിർവചിക്കുന്ന സംഘർഷങ്ങളും എല്ലാമാണ് ചിത്രം വരച്ചുകാട്ടുന്നത്.
അതേസമയം റോഷന്‍റെ മൂന്നാമത് ഹിന്ദി ചിത്രം എന്ന നിലയില്‍ മലയാളികളും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് 'ഉലജ്'. 2020ല്‍ പുറത്തിറങ്ങിയ ‘ചോക്‌ഡ്: പൈസ ബോല്‍ത്താ ഹേ’ (Choked: Paisa Bolta Hai) എന്ന ചിത്രത്തിലൂടെയാണ് റോഷൻ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അനുരാഗ് കശ്യപ് ( Anurag Kashyap) സംവിധാനം ചെയ്‌ത ചിത്രം നെറ്റ്ഫ്ലിക്സ് ( Netflix) റിലീസായാണ് പ്രേക്ഷകർക്കരികില്‍ എത്തിയത്. സയാമി ഖേറാണ് ( Saiyami Kher) ഈ സസ്‌പെൻസ് ഡ്രാമയിൽ നായികയായി എത്തിയത്. ചിത്രത്തിലെ റോഷന്‍റെ പ്രകടനം കയ്യടി നേടിയിരുന്നു.
കഴിഞ്ഞ വർഷം ആലിയ ഭട്ടിനൊപ്പം ‘ഡാര്‍ലിങ്സ്’ എന്ന ചിത്രത്തിലും റോഷൻ മാത്യു വേഷമിട്ടിരുന്നു. ആലിയ ഭട്ട് ആദ്യമായി നിര്‍മിച്ച ചിത്രം കൂടിയായ ‘ഡാര്‍ലിങ്സി’ല്‍ ഷിഫാലി ഷാ, വിജയ് വര്‍മ്മ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ഡാര്‍ക്ക് കോമഡി വിഭാഗത്തിൽപെടുന്ന ‘ഡാര്‍ലിങ്സും’ നെറ്റ്ഫ്ലിക്സ് റിലീസായാണ് എത്തിയത്.
ALSO READ:റോഷൻ മാത്യുവിന്‍റെ ബോളിവുഡ് ചിത്രം തുടങ്ങി; അണിയറ വിശേഷങ്ങളുമായി ആലിയ ഭട്ട്